sathi

ബേപ്പൂർ: സ്വകാര്യവ്യക്തിയുടെ ഫ്ലാറ്റിൽ നിന്നുള്ള സെപ്ടിക് ടാങ്ക് മാലിന്യം സമീപ സ്ഥലത്തെ വീട്ടിലേക്കുള്ള നടവഴിയിലേക്ക് ഒഴുക്കുന്നതായി പരാതി. നടുവട്ടം ഡിവിഷൻ 50ൽ പുറത്തിൽ താഴം പറമ്പിൽ ചെമ്പകശ്ശേരി വീട്ടിൽ ഗോപാലന്റെ വീട്ടിലേക്കുള്ള നടവഴിയിലാണ് മുൻവശത്തെ ഫ്ലാറ്റിലെ ശുചിമുറി മാലിന്യം ഒഴുകിയെത്തുന്നത്. പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചെങ്കിലും യാതൊരു നടപടിയുമെടുത്തില്ല. രൂക്ഷമായ ദുർഗന്ധമാണ് ഈ ഭാഗത്തുള്ളത്. ദിവസങ്ങൾക്ക് മുമ്പ് ഫ്ലാറ്റിലെ സെപ്ടിക് ടാങ്ക് തുറന്ന് മാലിന്യം നടവഴിക്ക് സമീപത്തെ മതിലിനോട് ചേർന്ന് കുഴിയെടുത്ത് മൂടിയിരുന്നു. മഴ പെയ്യുമ്പോൾ മണ്ണിനടിയിലെ മാലിന്യം മതിലിന് അടിയിലൂടെ ഗോപാലന്റെ നടവഴിയിലേക്ക് എത്തുകയാണ്. ഫ്ലാറ്റിന്റെ ഉടമയെ അറിയിച്ചിട്ടും കാര്യമുണ്ടായില്ല. വീട്ടിലേക്കുള്ള നടവഴിയിൽ മണൽ നിറച്ച് വിഷയം പരിഹരിക്കണമെന്നാണ് ഗോപാലനും കുടുംബവും ആവശ്യപ്പെടുന്നത്.