museum
കല്ലൂരിലെ പൈതൃക മ്യൂസിയം

സുൽത്താൻ ബത്തേരി: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും തുറക്കാതെ കിടക്കുന്ന കല്ലൂർ അറുപത്തിയെഴിലെ പൈതൃക മ്യൂസിയം തുറക്കുന്നു. പലവിധ കാരണങ്ങൾ പറഞ്ഞാണ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്ന് നൽകാത്തത്. മ്യൂസിയം പ്രവർത്തിക്കുന്നതിന് വേണ്ട അനുവാദം ഇതുവരെയായിട്ടും ലഭ്യമായിട്ടില്ലന്നാണ് അറിയുന്നത്. മ്യൂസിയം തുറക്കാത്തത് പഞ്ചായത്തിന്റെ പിടിപ്പുകേടാണെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു. അതെ സമയം ചരിത്രന്വേഷകർക്കായി മ്യൂസിയം തുറന്ന് നൽകുന്നതിനായി ഇതുമായി ബന്ധപ്പെട്ട ഒരു ടീമിനെ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ 67-ലാണ് പൈതൃക മ്യൂസിയം. എം.എൽ.എ ഫണ്ടിൽ നിന്ന് 25 ലക്ഷവും ഗ്രാമ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 10 ലക്ഷവും ചെലവഴിച്ചാണ് മ്യൂസിയത്തിന് കെട്ടിടം നിർമ്മിച്ചത്. വയനാട്ടിലെ വിവിധ ഗോത്രവർഗ്ഗക്കാരുടെയും ആദ്യകാല കുടിയേറ്റക്കാരും ഉപയോഗിച്ച ഉപകരണങ്ങളുംചരിത്ര രേഖകളുമാണ് മ്യൂസിയത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ ചിതറി കിടക്കുന്ന ചരിത്ര രേഖകൾ കണ്ടെടുത്ത് മ്യൂസിയത്തിലെത്തിച്ച് ചരിത്ര വിദ്യാർത്ഥികൾക്ക് പഠനവിധേയമാക്കുക എന്ന ലക്ഷ്യമിട്ടാണ് മ്യൂസിയത്തിന്റെ പ്രവർത്തനം.
നിലവിൽ നൂറോളം ചരിത്രാവശിഷ്ടങ്ങളാണ് മ്യൂസിയത്തിലുള്ളത്. ആദിമ നിവാസികൾ ഉപയോഗിച്ചുവന്ന കാർഷിക ഉപകരണങ്ങളായ കലപ്പ, നുകം, നരികളെ കുത്തികൊല്ലാൻ ഉപയോഗിച്ചുവന്ന കുന്തം, എഴുത്താണി, താളിയോലകൾ, മത്സ്യം പിടിക്കാൻ ഉപയോഗിച്ചുവന്ന ചാട, മുറങ്ങൾ, നെല്ല് സൂക്ഷിക്കുന്ന കൊമ്മ, അളക്കാൻ ഉപയോഗിക്കുന്ന പറ, പാണ്ടിക്കല്ല്, കന്നുകാലികളുടെ കഴുത്തിൽ കെട്ടിയിരുന്ന തട്ട, പരമ്പരാഗത നെൽവിത്തുകൾ, പ്രചീനകാലത്തെ ശിലാലിഖിതങ്ങൾ എന്നിവയെല്ലാമാണ് മ്യൂസിയത്തിലുള്ളത്.

കല്ലൂരിലെ പൈതൃക മ്യൂസിയം