കൽപ്പറ്റ: വയനാട്ടിലെ വിനോദസഞ്ചാര മേഖലയിൽ അതിജീവന കാഴ്ചകളാണ് കാണാനുള്ളത്. അതി തീവ്രമഴയെ തുടർന്ന് അടച്ചിട്ട സാഹസിക വിനോദസഞ്ചാര കേന്ദ്രമായ മേപ്പാടി തൊള്ളായിരംകണ്ടിയിലേക്ക് ഗാന്ധിജയന്തി ദിനത്തിൽ സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങി, വനം വകുപ്പിന് കീഴിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളായ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി എന്നിവിടങ്ങളിലേക്കുള്ള സഫാരിയും പുനരാരംഭിച്ചു. ഡി.റ്റി.പി.സിക്ക് കീഴിലെ ടൂറിസം കേന്ദ്രങ്ങളിൽ അതിജീവനം വയനാട് ഉത്സവം പരിപാടിക്ക് തുടക്കമായതും മേഖലയിൽ പുത്തൻ ഉണർവിന് കാരണമായിട്ടുണ്ട്.
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം ടൂറിസം മേഖല പൂർണമായും നിശ്ചലമായിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂട്ടത്തോടെ അടഞ്ഞുകിടുന്നതും വിനോദസഞ്ചാരികളുടെ വരവ് ഇല്ലാതാക്കി. സഞ്ചാരികൾക്ക് പ്രിയപ്പെട്ട കേന്ദ്രങ്ങൾ വീണ്ടും തുറന്നത് ആവേശ കാഴ്ച്ചയായി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ വരവ് താരതമ്യേനെ കൂടിയിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന സൂചിപ്പാറ വെള്ളച്ചാട്ടം, മേപ്പാടി ചെമ്പ്ര പീക്ക്, കുറുവാ ദ്വീപ്, വരാമ്പറ്റ മീൻമുട്ടി
എന്നീ കേന്ദ്രങ്ങളും വൈകാതെ തുറക്കും. ഇതോടെ വിനോദസഞ്ചാരികളുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൂക്കോട് തടാകം, എൻ ഊര്, ബാണാസുര സാഗർ ഡാം, കാരാപ്പുഴ ഡാം, പഴശ്ശി പാർക്ക്, മുത്തങ്ങ വന്യജീവി സങ്കേതം, തോൽപ്പെട്ടി വന്യജീവി സങ്കേതം, അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം, എടക്കൽ ഗുഹ,ചീങ്ങേരിമല എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ നിലവിൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സ്വകാര്യമേഖലയിലെ പാർക്കുകളും സജീവമായി പ്രവർത്തിക്കുന്നുണ്ട്.