cremation
നവീകരണം പൂർത്തിയായി വരുന്ന മാവൂർ റോഡ് ശ്മശാനം

കോഴിക്കോട്: നവീകരണത്തിന്റെ പേരിൽ നാലു വർഷമായി അടച്ചിട്ടിരിക്കുന്ന മാവൂർ റോഡ് ശ്മശാനം ഈ മാസം തുറക്കും. 20ന് ശേഷം തുറക്കാനാണ് ധാരണ. നൂതന സംവിധാനങ്ങളൊരുക്കിയാണ് ശ്മശാനം നവീകരിച്ചിരിക്കുന്നത്. പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പ്രവർത്തിക്കുന്നതിനാൽ പുകയോ ഗന്ധമോ പുറത്തുവരില്ല. സംസ്‌കാരശേഷം 60 ദിവസംവരെ ചിതാഭസ്‌മം സൂക്ഷിക്കാൻ ലോക്കർ സൗകര്യമുണ്ട്, സംസ്‌കാര ചടങ്ങുകൾ ലൈവായി കാണാൻ സോഷ്യൽ മീഡിയ സൗകര്യവുമുണ്ട്. സംസ്‌കാര സാധനങ്ങൾ കിട്ടുന്ന കിയോസ്‌ക്‌, അനുസ്‌മരണ ചടങ്ങുകൾക്ക്‌ ഹാൾ എന്നിവയാണ്‌ മറ്റൊരു സവിശേഷത. വലിയ പ്രതിസന്ധി നിന്നിരുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ തറ ഒരു മീറ്ററിലധികം ഉയർത്തിയാണ് നവീകരണം. 5,​250 ചതുരശ്ര അടിയിലാണ് ശ്മശാനം നവീകരിച്ചിരിക്കുന്നത്. പരമ്പരാഗത രീതിയിൽ സംസ്‌കാരം നടത്താനും കുളിക്കാനും മറ്റാവശ്യങ്ങൾക്കുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എം.എൽ.എ ഫണ്ടും കോർപ്പറേഷൻ വിഹിതവും ഉൾപ്പെടെ നാലു കോടി രൂപയാണ് ചെലവായിരിക്കുന്നത്. ലോക്കർ, ഇരിപ്പിടങ്ങൾ എന്നിവ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. കോർപ്പറേഷൻ പരിധിയിലുള്ളവർക്കാണ്‌ മുൻഗണനയെങ്കിലും മറ്റിടങ്ങളിൽ നിന്നുള്ള മൃതദേഹങ്ങളും സംസ്‌കരിക്കും. നിരക്ക്‌ രണ്ടുദിവസത്തിനകം നിശ്‌ചയിക്കും. രാവിലെ ആറുമുതൽ രാത്രി എട്ടുവരെയാണ് ശ്മശാനത്തിന്റെ പ്രവർത്തനം.

2020ൽ അടച്ചിട്ട ശ്മശാനം ഭാഗിക നവീകരണം നടത്തി തുറന്നെങ്കിലും ഇലക്ട്രിക് ശ്മശാനത്തിലെ ഫർണസ് തകരാറിലായതോടെ പൂർണമായും അടച്ചു. വാതക ശ്മശാനത്തിൽ വാതകം ചോർന്ന് തീ പിടിച്ചിരുന്നു. ഇത് പരിഹരിച്ചെങ്കിലും തറഭാഗം തകർന്നതിനാൽ വെള്ളം കയറി വീണ്ടും പ്രവർത്തനം മുടങ്ങി. ഇതോടെയാണ് വാതക ശ്മശാനവും അടച്ചത്.

' ഈ മാസം 20നു ശേഷം ശ്മശാനം തുറക്കും. തിയതി സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ് '.

പി.സി.രാജൻ,​ ചെയർമാൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി

ശ്മശാനത്തിലെ സൗകര്യം.

നാല്‌ വാതക ചിത, ഒരു വൈദ്യുതി ചിത, രണ്ട്‌ പരമ്പരാഗത ചിത, ലോക്കർ, ലൈവ് ടെലികാസ്റ്റിംഗ്, ഹാൾ, കിയോസ്ക്.

നവീകരണ ചെലവ്

നാല് കോടി