 
കോഴിക്കോട്: മലപ്പുറം ജനതയെ അവഹേളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതൃത്വത്തിൽ കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നാല് യൂത്ത് ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു. മാനാഞ്ചിറയിലും കണ്ണൂർ-വയനാട് റോഡുകളിലും ഒന്നര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. റോഡിൽകുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
പതിനൊന്നരയോടെ സ്റ്റേഡിയം ജംഗ്ഷനിൽ നിന്ന് മാവൂർ റോഡ് വഴി പ്രകടനമായി എത്തിയ പ്രവത്തകർ പൊലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതിനിടെ പൊലീസ് ചെളിക്കട്ട എറിഞ്ഞുവെന്ന് ആരോപിച്ച് ബഹളംവെച്ച പ്രവർത്തകരെ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും മുദ്രാവാക്യം വിളിയോടെ ബാങ്ക് റോഡ് സി.എച്ച് ഓവർ ബ്രിഡ്ജ് ജംഗ്ഷൻ ഉപരോധിച്ചു. റോഡ് ഉപരോധിച്ചവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് ഷഫീഖ് അരക്കിണർ, ഷാഫി നല്ലളം, ഷജീർ മുണ്ടിക്കൽതാഴം, ഷാനിദ് അരക്കിനർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. യൂത്ത് ലീഗ് സംസ്ഥാന സ്രെക്രട്ടറി പി.കെ ഫിറോസ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. പി.ഇസ്മയിൽ വയനാട് , ടി.പി.എം ജിഷാൻ, ടി. ജാഫർ സാദിഖ്, ഷിജിത്ത് ഖാൻ എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി പി. മൊയ്തീൻ കോയ സ്വാഗതവും കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു. മിസ്ഹബ് കീഴരിയൂർ, ടി.പി.എം ജിഷാൻ, ലത്തീഫ് തുറൂയൂർ, അഫ്‌നാസ് തുടങ്ങിയവാരാണ് അറസ്റ്റിലായത്.
സി.പി.എം ആർ.എസ്.എസിന്റെ പി.ആർ ഏജൻസി: യൂത്ത് ലീഗ്
കോഴിക്കോട്: സംസ്ഥാനത്ത് ആർ.എസ്.എസിന്റെ പി.ആർ ഏജൻസിയാണ് സി.പി.എമ്മെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. മലപ്പുറം ജില്ലയ്ക്കെതിരെ പ്രസ്താവന ഇറക്കുന്നതും ന്യൂനപക്ഷങ്ങളെ തീവ്രവാദ ചാപ്പ കുത്തുന്നതും ആർ.എസ്. എസിന് വേണ്ടിയാണെന്നും യൂത്ത് ലീഗ് കോഴിക്കോട്ട് നടത്തിയ കമ്മിഷണർ ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്ത് ഫിറോസ് പറഞ്ഞു.
തനിക്ക് പി.ആർ എജൻസിയില്ലെന്നായിരുന്നു നേരത്തെ പിണറായി പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ പി.ആർ.ഏജൻസിയുടെ നടുക്കിരുന്ന് അഭിമുഖം കൊടുക്കേണ്ട ഗതികേടിലായി കേരള മുഖ്യമന്ത്രിയെന്നും ഫിറോസ് പറഞ്ഞു.