sathi

ബേപ്പൂർ: തുറമുഖത്തെ കൂലി വിഷയത്തിൽ തൊഴിലാളികളുമായി നിലനിന്നിരുന്ന തർക്കങ്ങൾക്ക് പരിഹാരമായി. നിലവിലെ കൂലിയിൽ 10 ശതമാനം വർദ്ധന വരുത്താൻ പോർട്ട് ഓഫീസർ ഹരി അച്ചുതവാര്യരുടെ നേതൃത്വത്തിൽ തുറമുഖ കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. കൂലിവർദ്ധനവ് അംഗീകരിച്ചതോടെ ചരക്ക് നീക്കവും ആരംഭിച്ചു.

തുറമുഖത്തെ വിവിധ ട്രേഡ് യൂണിയനിൽപ്പെടുന്ന ചുമട്ടുതൊഴിലാളികൾ 40 ശതമാനം കൂലി വർദ്ധനവ് ആവശ്യപ്പെട്ട് പോർട്ട് ഓഫീസർക്കും ചരക്കു ഏജന്റ് കൂട്ടായ്മയായ സവാസ്കയ്ക്കും (സെയിലിംഗ് വെസൽ ഏജന്റ്സ് ആൻഡ് ഷിപ്പ്മെന്റ് കോൺട്രാക്ടേഴ്സ് വെൽവെയർ അസോസിയേഷൻ) ലേബർ ഓഫീസർക്കും നിവേദനം നൽകിയിരുന്നു. തുറമുഖത്ത് ചരക്ക് നീക്കം ഗണ്യമായി കുറയുന്ന സാഹചര്യത്തിൽ കൂലി വർദ്ധനവ് അംഗീകരിക്കാനാകുന്ന സാഹചര്യമല്ല എന്നായിരുന്നു സവാസ്ക പ്രതിനിധികളും ബേപ്പൂർ, ലക്ഷദ്വീപ് വ്യാപാരി സമൂഹവും പ്രതികരിച്ചത്. തുടർന്ന് തുറമുഖത്ത് രണ്ട് ദിവസം ചരക്ക് നീക്കം നിലച്ചിരുന്നു.

സെപ്തംബർ 30നാണ് തുറമുഖത്തെ കൂലി നിരക്കിന്റെ കാലാവധി അവസാനിച്ചത്. സവാസ്ക പ്രതിനിധികളായ ജനറൽ സെക്രട്ടറി കെ.വി.റഫീക്ക്, പ്രസിഡന്റ് സുനീർ, അബ്ദുൾ സലീം, മുകുന്ദൻ, കുഞ്ഞാമുക്കോയ എന്നിവരും ട്രേഡ് യൂണിയൻ പ്രതിനിധികളായ ബഷീർ (സി.ഐ.ടി.യു), ബാബു (ഐ.എൻ.ടി.യു.സി), നദീർ (എസ്.ടി.യു) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. തുറമുഖത്തെ കൂലി ശീട്ട് വിഷയത്തിലെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കാനായി പോർട്ട് ഓഫീസർ, സ വാസ്ക പ്രതിനിധികൾ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെടുന്ന സബ് കമ്മറ്റിയും രൂപീകരിച്ചു. ഒക്ടോബർ ഒന്നുമുതൽ 2026 സെപ്തംബർ 30 വരെയാണ് പുതിയ കൂലി നിരക്കിന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.