 
കോഴിക്കോട്: സ്ത്രീകളുടെ അസാധാരണ കരുത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണ് നവരാത്രി ആഘോഷമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാരീശക്തിയുടെ ആഘോഷം കൂടിയാണ് നവരാത്രി. സ്ത്രീകളുടെ സംഭാവനകളെ മാനിക്കാനും സ്ത്രീ സമത്വം, സ്വതന്ത്ര്യം, സുരക്ഷ എന്നിവ ഉറപ്പാക്കാനും നവരാത്രി ആഘോഷം നമ്മെ പ്രേരിപ്പിക്കുന്നു. അവിദ്യയുടെ മേൽ വിദ്യയുടെ വിജയത്തിന്റെ ആഘോഷം കൂടിയാണ്. വിദ്യയും ഭക്തിയും പരസ്പര പൂരകങ്ങളാണെന്നും അവ രണ്ടാണെന്ന് തോന്നുമെങ്കിലും രണ്ടിൽ നിന്നും ലഭിക്കുന്ന അനുഭവം ഒന്ന് തന്നെയാണെന്നും ചാലപ്പുറം കേസരി ഭവനിൽ ആരംഭിച്ച നവരാത്രി സർഗോത്സവം ഉദ്ഘാടനം ചെയ്ത് ഗവർണർ പറഞ്ഞു. സർഗോത്സവ സമിതി അദ്ധ്യക്ഷയും നടിയുമായ വിധുബാല അദ്ധ്യക്ഷത വഹിച്ചു. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നരസിംഹാനന്ദസ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. കേസരി വാരിക മുഖ്യ പത്രാധിപർ ഡോ. എൻ. ആർ.മധു ആമുഖ പ്രഭാഷണം നടത്തി. സർഗോത്സവ സമിതി ജനറൽ കൺവീനറും ബി.ജെ.പി ഉത്തരമേഖല ട്രഷററുമായ ടി.വി. ഉണ്ണികൃഷ്ണൻ, വർക്കിംഗ് പ്രസിഡന്റ് ഡോ. എ.കെ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ആതുരരംഗത്തെ സേവനത്തിന് ഗൈനക്കോളജിസ്റ്റ് ഡോ. എം.കെ.വത്സനെ ഗവർണർ ആദരിച്ചു. വൈകിട്ട് ചലച്ചിത്രതാരം രചനാ നാരായണൻകുട്ടിയുടെ 'കാലസംകർഷണീപ്രവേശം' നൃത്താവിഷ്‌കാരവും നിരഞ്ജൻ ലൈവിന്റെ വയലിൻ ഫ്യൂഷനും നടന്നു.