ഫറോക്ക് : വ്യാജ ഡോക്ടറുടെ ചികിത്സയിൽ കടലുണ്ടി കോട്ടക്കടവ് ടി.എം.എച്ച് ആശുപത്രിയിൽ രോഗി മരിക്കാനിടയായ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് സി.പി.എം ഫറോക്ക് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്ത് ഒന്നാമതുള്ള കേരളത്തിന്റെ യശസിന് കളങ്കം വരുത്തുന്ന ഇത്തരം ചികിത്സാ കേന്ദ്രങ്ങളെ നിയന്ത്രിക്കണം. മെഡിക്കൽ ബിരുദമില്ലാത്ത ഒരാളെ വർഷങ്ങളോളം റസിഡന്റ് മെഡിക്കൽ ഓഫീസറായി നിയമിച്ചുവെന്നത് അത്യന്തം ഗുരുതരമായ കുറ്റമാണ്. സർക്കാർ സംവിധാനങ്ങളെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണ് ഇത്തരം സ്ഥാപനങ്ങൾ. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം ആശുപത്രിയിൽ ജോലി ചെയ്യുന്നവർ നിശ്ചിത യോഗ്യതയുള്ളവരാണെന്നും രജിസ്റ്റർ ചെയ്തവരാണെന്നും ഉറപ്പാക്കേണ്ട പൂർണ ഉത്തരവാദിത്വം അതത് സ്ഥാപനത്തിനാണെന്നിരിക്കെ ഒരു വിധത്തിലും ആശുപത്രി അധികൃതർക്ക് കുറ്റത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ല. വിവാദമായ ആശുപത്രിയിലെ നിയമനങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച് ശക്തമായ നടപടിയെടുക്കണമെന്ന് സി.പി.എം ഫറോക്ക് ഏരിയ സെക്രട്ടി ടി.രാധാ ഗോപി ആവശ്യപ്പെട്ടു.