 
കോഴിക്കോട്: കുട്ടികളിൽ പഞ്ചസാരയുടെ അമിത ഉപയോഗം തടയാൻ 'ഷുഗർ ബോർഡ് 'ബോധവത്കരണവുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. ലഘുപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ബോധവത്കരണ ബോർഡ് സ്കൂളുകളിൽ സ്ഥാപിച്ച് കുട്ടികളിൽ പഞ്ചസാരയ്ക്കെതിരെ അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാതല ഭക്ഷ്യസുരക്ഷ അഡ്വൈസറി കമ്മിറ്റി തീരുമാന പ്രകാരമാണ് ബോധവത്കരണം ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 സ്കൂളുകളിൽ സ്ഥാപിക്കാനുളള ബോഡുകൾ ലയൺസ് ഇന്റർനാഷണൽ നൽകും. ജില്ലാതല ഭക്ഷ്യസുരക്ഷ ഉപദേശക സമിതി യോഗത്തിൽ ഷുഗർ ബോർഡുകൾ സ്ഥാപിക്കുന്നതിനുളള സമ്മതപത്രം ലയൺസ് ക്ളബ് ഭാരവാഹികൾ ജില്ലാകളക്ടർ സ്നേഹിൽ കുമാറിന് കൈമാറി. ഭക്ഷ്യസുരക്ഷ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
 ഒരു ദിവസം മൂന്ന് ടീ സ്പൂൺ പഞ്ചസാര
പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം, ശാരീരിക മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. ഒരാൾക്ക് ഒരു ദിവസം പരമാവധി മൂന്ന് ടീ സ്പൂൺ (15ഗ്രാം) പഞ്ചസാര വരെയാണ് ഐ.സി.എം.ആർ ശുപാർശ ചെയ്യുന്നത്. ഇത് സാധാരണ രണ്ട് നേരത്തെ ചായയിലൂടെയോ പാനീയങ്ങളിലൂടെയോ നമുക്ക് ലഭിക്കാം. എന്നാൽ ലഘുപാനീയങ്ങളിൽ 10 മുതൽ 15ശതമാനം വരെ പഞ്ചസാര കാണപ്പെടുന്നു. ഇടവേളകളിൽ നമ്മൾ കുടിക്കുന്ന 300 എം.എൽ ലഘുപാനീയങ്ങളിൽ 30ഗ്രാം മുതൽ 40ഗ്രാം വരെ പഞ്ചസാര നമ്മുടെ ശരീരത്തിൽ അധികമായി എത്തുന്നു. ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകും.
'' ജില്ലയിലെ മുഴുവൻ ഹയർ സെക്കൻഡറി സ്‌കൂളുകളിലും പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്'' സക്കീർ ഹുസൈൻ ,ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ.