
തലയാട്: പനങ്ങാട് പഞ്ചായത്തിലെ അഞ്ച്, മൂന്ന് വാർഡുകളിലൂടെ കടന്നുപോകുന്ന മലയോര മേഖലയായ താഴെ തലയാട്- ചെറിയ മണിച്ചേരി റോഡിൽ സാഹസികമായാണ് ജനം യാത്ര ചെയ്യുന്നത്. കാൽനട യാത്രപോലും ദുഷ്കരമായ അവസ്ഥ. കോളനി നിവാസികൾ ഉൾപ്പെടെ നിരവധിയാളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.
കഴിഞ്ഞ മഴക്കാലത്ത് ശക്തമായ കുത്തൊഴുക്കിൽ റോഡിന്റെ പല ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടു. എട്ടു മീറ്റർ വീതിയുള്ള ഈ റോഡിൽ 700 മീറ്ററോളം ദൂരത്ത് ടാറിംഗും കോൺക്രീറ്റും ഉൾപ്പെടെ ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് വീണ്ടും 1,200 മീറ്ററോളം പ്രദേശത്ത് ജനവാസമുണ്ട്. ഇതുകൂടി നവീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
'വഴിമുട്ടി" റോഡ് നിർമ്മാണം
1980ലാണ് താഴെ തലയാട്- തലയാട് സ്കൂൾ വഴിയുള്ള ചെറിയ മണിച്ചേരി റോഡ് നിർമ്മിച്ചത്. 1987- 88 കാലയളവളിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് 1.5 കിലോമീറ്റർ റോഡും വെട്ടി. എന്നാൽ വയലട റോഡിലേക്ക് ബന്ധിപ്പിക്കാൻ 300 മീറ്റർ കൂടി ആവശ്യമായിരുന്നു. സ്ഥലം ഉടമ വിട്ട് നല്കാത്തതിനാൽ ഇപ്പോഴും ഈ റോഡ് ചെറിയ മണിച്ചേരി റോഡിൽ ബന്ധിപ്പിക്കാനായിട്ടില്ല.
ബദൽ പാതയാകും
വയലട റോഡിലേക്ക് ബന്ധിപ്പിച്ചാൽ വയലടയിലേക്കുള്ള ബദൽ റോഡായി ഈ പാത മാറും. കയറ്റവും വളവും കുറഞ്ഞ റോഡാണിത്. എന്നാൽ അതുമായി ബന്ധപ്പെട്ട യാതൊരു പ്രവർത്തനവും പിന്നീട് ഉണ്ടായില്ല. ഇതുകാരണം നിരവധി കുടുംബങ്ങൾ പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോയി.
ഏറെ കുന്നും ചെരിവും നിറഞ്ഞ റോഡായതിനാൽ ജില്ലാ പഞ്ചായത്ത് ഫണ്ട് അനിവാര്യമാണ്. ഇതിനായി വാർഡിൽ പ്രഥമ പരിഗണന നൽകിയത് ഈ റോഡിനാണ്.
-റംല ഹമീദ്,
മൂന്നാം വാർഡ് മെമ്പർ
വയലടയിലേയ്ക്ക് ബദൽ റോഡെന്ന നിലയിൽ കയറ്റവും വളവുകളും കുറവുള്ള റോഡാണിത്. വയലട പോലുള്ള ടൂറിസം മേഖലയിലേയ്ക്ക് ഈ റോഡ് അനിവാര്യമാണ്.
-ശ്രീനിവാസൻ കെ.ജി മണിച്ചേരി,
സാമൂഹ്യ പ്രവർത്തകൻ