 
കോഴിക്കോട്: കഥ പറഞ്ഞ് കഥ പറഞ്ഞ് കഥയ്ക്കുളളിലെ ശാസ്ത്രത്തെ പഠിക്കാതെ പോയതാണ് ഭാരതത്തിന് സംഭവിച്ച അപചയമെന്ന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. കേസരി നവരാത്രി സർഗോത്സവം സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും മികച്ച കഥ പറച്ചിലുകാർ ഭാരതീയരാണ്. കഥാസരിത് സാഗരം, പഞ്ചതന്ത്രം തുടങ്ങി കഥയുടെ സാഗരമാണ് ഉള്ളത്. നമ്മുടെ കഥകളൊന്നും അന്ധവിശ്വാസമല്ല ശാസ്ത്രമാണ്. നാദമാണ് ആദ്യമുണ്ടായത്. നാദത്തെ രൂപപ്പെടുത്തിയതാണ് നാദരൂപിണി. ആ നാദരൂപിണിയാണ് സരസ്വതി. നാദത്തിന്റെ ഭാഷയാണ് സ്വരം. ഭാവനകൊണ്ട് രൂപം നൽകിയതാണ് ഭാഷ. ആദിപരാശക്തിയെ നാം ദേവി എന്നു വിളിച്ചു. അതുകൊണ്ട് ആദിപരാശക്തിയെന്നത് അന്ധവിശ്വസമല്ല ശാസ്ത്രമാണ്. നമ്മുടെ കഥയിലെ ശാസ്ത്രത്തെ നാം തിരിച്ചറിയണമെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാകുമാരി അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂരപ്പൻ കോളേജ് മലയാളം വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ പ്രഭാഷണം നടത്തി. ഹരേകൃഷ്ണ ഭജനസംഘത്തിന്റെ ഭജന, രചന സുബ്രഹ്മണ്യനും സംഘവും അവതരിപ്പിച്ച ഭരതനാട്യം, പ്രസന്ന പ്രകാശ് അവതരിപ്പിച്ച മോഹിനിയാട്ടം, മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്യൂണിക്കേഷൻ വിദ്യാർത്ഥിനി ടി. കൃഷ്ണപ്രിയയുടെ കുച്ചിപ്പുടി, നല്ലീർ സുധീന്ദ്രനാഥും സംഘവും അവതരിപ്പിച്ച ഭക്തിഗാനമേള എന്നിവ അരങ്ങേറി.