
പേരാമ്പ്ര: കാട്ടുജീവിശല്യം രൂക്ഷമായ പന്തിരിക്കര പള്ളിക്കുന്നിൽ കാട്ടുപന്നി ഓട്ടോയിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. മുള്ളൻകുന്ന് സ്വദേശി കല്ലുള്ള പറമ്പിൽ റിനീഷാണ് (41) അപകടത്തിൽപ്പെട്ടത്. തലയ്ക്കും കാലിനും മുറിവേറ്റ ഇദ്ദേഹത്തെ നാട്ടുകാർ പന്തിരിക്കരയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാവിലെ 10ന് കടിയങ്ങാട് നിന്ന് പന്തിരിക്കരയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടെയാണ് അപകടം നടന്നത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓട്ടോയുടെ മുന്നിലെ ഗ്ലാസ് തകർന്നു. നേരത്തെ ഈ ഭാഗത്ത് വച്ച് ബൈക്ക് യാത്രക്കാരന് പന്നിയിടിച്ച് പരിക്കേറ്റിരുന്നു.
കാൽനടയാത്രക്കാർക്ക് ഭീഷണിയെന്ന്
പന്തിരിക്കര, പള്ളിക്കുന്ന് പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായത് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായിരിക്കുകയാണ്. കൃഷി ചെയ്യാൻ കഴിയുന്നില്ലെന്നും അടിയന്തര നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കാട്ടുജീവി ശല്യം കാരണം അതിരാവിലെ ജോലിക്കും പ്രഭാത സവാരിക്കും പോകുന്നവർ ഭയത്തിലാണ്. തൊടികളിലെ കാടുകൾ വെട്ടിത്തെളിക്കണമെന്നും കൃഷി നശിച്ച കർഷർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യമുയരുന്നുണ്ട്.