vk

മലയാളി വിശ്വപൗരനെന്ന് ആദ്യം വിളിച്ചത് വി.കെ. കൃഷ്ണമേനോനെയായിരുന്നു. സ്വാതന്ത്ര്യ സമരകാലം മുതൽ പൊതുപ്രവർത്തനം തുടങ്ങി ജവഹർലാൽ നെഹ്‌റുവിന്റെ മന്ത്രിസഭയിലെ കരുത്തനായ പ്രതിരോധ മന്ത്രിക്കസേര വരെ എത്തുകയും രാജ്യം പരമോന്നത ബഹുമതിയായ പത്മവിഭൂഷൻ സമ്മാനിക്കുകയും ചെയ്ത പ്രതിഭാശാലിയായ കൃഷ്ണ മേനോൻ ചരിത്രത്തിലേക്ക് മാഞ്ഞിട്ട് ഇന്ന് അമ്പത് വർഷം തികയുകയാണ്. എന്നാൽ അദ്ദേഹത്തെ പ്രതിരോധ മന്ത്രിയാക്കിയ രാഷ്ട്രീയ പാർട്ടിയും കൃഷ്ണമേനോനെ എങ്ങനെ ഓർത്തു എന്നതിന് കാലം സാക്ഷിയാണ്.

ലണ്ടനിലെ കാംഡൻ സെന്ററിൽ ഇപ്പോഴും ആദരവോടെ തേച്ചുമിനുക്കി വെച്ചിട്ടുണ്ട് കൃഷ്ണമേനോന്റെ പ്രതിമ. 1979ൽ ലണ്ടനിലെ ഫിറ്റ്‌സ്രോയ് സ്‌ക്വയർ ഉദ്യാനത്തിലാണ് ആദ്യം അദ്ദേഹത്തിന്റെ അർദ്ധകായ വെങ്കലപ്രതിമ സ്ഥാപിച്ചത്. പക്ഷേ, രണ്ടുതവണ മോഷണം പോയി. പിന്നീട് കാംഡൻ സെന്ററിലേക്ക് മാറ്റി. അതുവരെ ഇന്ത്യയിലെവിടെയും ഒരു പ്രതിമയില്ലെന്നത് ആശ്ചര്യം. ഇപ്പോഴുള്ളത് കോഴിക്കോട്ട് മാത്രമാണോ എന്ന് ഉറപ്പിക്കാനും കഴിയില്ല. മേനോന്റെ വേർപാടിന് 50വർഷം തികയുമ്പോൾ ഡൽഹിയിലെ വി.കെ.കൃഷ്ണമേനോൻ മാർഗും കണ്ണൂരിലെ കൃഷ്ണമേനോൻ സ്മാരക കോളേജും കോഴിക്കോട്ടെ കൃഷ്ണമേനോൻ മ്യൂസിയവും അദ്ദേഹം ജനിച്ചുവളർന്ന കോഴിക്കോട് പന്നിയങ്കരയിലെ കൃഷ്ണമേനോൻ റോഡുമൊഴിച്ചാൽ ആ വിശ്വപൗരനെ ഓർക്കാൻ എന്താണ് ഈ നാട് സമ്മാനിച്ചത്. എന്താണ് ബാക്കി വെച്ചത്..?

കോഴിക്കോട്ടെ മ്യൂസിയം

പൂട്ടിയിട്ട് വർഷം ഒന്ന്

കോഴിക്കോട് ഈസ്റ്റ് ഹില്ലിലാണ് കൃഷ്ണമേനോൻ മ്യൂസിയം. 1974ലാണ് ആരംഭിച്ചത്. അവിടെ കൃഷ്ണമേനോന്റെ കട്ടിലും എഴുത്ത് മേശയും അദ്ദേഹത്തിന് കിട്ടിയ ഉപഹാരങ്ങളുമടക്കം അമൂല്യമായ ഒട്ടേറെ ശേഖരങ്ങളുണ്ട്. പക്ഷേ, കഴിഞ്ഞ ഒരു വർഷമായി മ്യൂസിയം അടച്ചിട്ടിരിക്കുകയാണ്. പഴയ ബ്രട്ടീഷ് ബംഗ്ലാവായിരുന്ന മ്യൂസിയം സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ഒരു വർഷമായിട്ടും നീളുകയാണ്. പന്നിയങ്കരയിലെ ജനിച്ചുവളർന്ന വീട്ടിലെത്തിയാൽ പൊടിപടലങ്ങളൊന്നുമേശാതെ അവിടെതന്നെയുണ്ട്. കൃഷ്ണമേനോന്റെ സഹോദരിയുടെ കൊച്ചുമകളുടെ പേരിലാണ് വീട്. അവർ അമേരിക്കയിൽ സ്ഥിരതാമസക്കാരിയായതിനാൽ അവിടേക്കും പ്രവേശനമില്ല. ചുരുക്കത്തിൽ ജയറാം രമേശിന്റെ പുസ്തകത്തിലും ചരിത്ര രേഖകളിലുമായി മരണത്തിന്റെ ഈ അമ്പതാം വർഷവും ഈ വിശ്വ പൗരൻ ഉറങ്ങുന്നു.

പ്രതിഭയുടെ ആഴം

1964ൽ രാഷ്ട്രീയ ഗുരുവായ നെഹ്റുവിന്റെ മരണത്തോടെ വി.കെ. കൃഷ്ണമേനോന്റെയും പ്രതാപകാലം അവസാനിച്ചുവെന്ന് പറയാം. നെഹ്റുവിന്റെ മകൾ ഇന്ദിരയുമായി പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. 1974 ഒക്ടോബർ ആറിന് 78ാം വയസിലാണ് വി.കെ. കൃഷ്ണമേനോൻ വിടവാങ്ങിയത്. നെഹ്റുവിന് ശേഷം ആ പ്രതിഭയുടെ ആഴം രാജ്യം വേണ്ടവിധം ഉപയോഗിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ അനുശോചന കുറിപ്പിൽ അന്നത്തെ പ്രധാനമന്ത്രി കൂടിയായ ഇന്ദിരാഗാന്ധി കുറിച്ചത് 'ഒരു അഗ്‌നി പർവതം എരിഞ്ഞടങ്ങി' എന്നാണ്. 1984 ലെ കൃഷ്ണമേനോൻ അനുസ്മരണ ചടങ്ങിൽ കെ.ആർ. നാരായണൻ പറഞ്ഞതും ശ്രദ്ധേയം. ഇന്ത്യയ്ക്ക് മഹത്തായ പാരമ്പര്യവും സംസ്‌ക്കാരവും മാത്രമല്ല മഹാന്മാരും ഉണ്ട്. 'ബുദ്ധൻ മുതൽ ഗാന്ധി വരെ, അശോകൻ മുതൽ നെഹ്റു വരെ, കൗടില്യൻ മുതൽ കൃഷ്ണമേനോൻ വരെ'. ആ വിശ്വപൗരന്റെ ആഴം ഈ രണ്ട് മഹാരഥൻമാരുടെയും വാക്കുകളിലുണ്ട്.

ജനനം

കോഴിക്കോട്ട്

1896 മേയ് മൂന്നിന് കോഴിക്കോട്ടെ പന്നിയങ്കരയിലാണ് കൃഷ്ണമേനോൻ ജനിച്ചത്. അച്ഛൻ കോമത്ത് കൃഷ്ണക്കുറുപ്പ് കോഴിക്കോട് കോടതിയിലെ വക്കീലായിരുന്നു. 1815 മുതൽ 1817 വരെ തിരുവിതാംകൂർ ദിവാനായിരുന്ന രാമൻ മേനോന്റെ പൗത്രി ആയിരുന്നു മാതാവ്. പ്രാഥമിക വിദ്യാഭ്യാസം തലശ്ശേരിയിലായിരുന്നു . കോഴിക്കോട് സാമൂതിരി കോളേജിൽ ഉന്നതവിദ്യാഭ്യാസത്തിനായി ചേർന്നു. പിന്നീട് മദ്രാസ് പ്രസിഡൻസി കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. മദ്രാസ് പ്രസിഡൻസി കോളേജിൽ ബിരുദപഠനകാലത്ത് ആനി ബസന്റിന്റെ ഹോം റൂൾ പ്രസ്ഥാനത്തിൽ സജീവമായി. 1918ൽ ധനതത്ത്വശാസ്ത്രത്തിലും ചരിത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദം ലഭിച്ചു. ജോൺ എസ്. അരുൺഡേലിന്റെ വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ സഹായിയായി 1924 ൽ ഇംഗ്ലണ്ടിലെത്തി. 27 വർഷം അവിടെ തുടർന്നതിനിടെ നിയമബിരുദം നേടി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പ്രവർത്തനം സജീവമായി തുടരുന്നതിനിടെ നെഹ്റുവുമായി തുടങ്ങിയ അടുപ്പമാണ് അദ്ദേഹത്തെ ഭരണഘടനാ ശിൽപി അംബേദ്കറുടെ സഹായിയായും ഇന്ത്യൻ പ്രതിരോധ മന്ത്രിക്കസേരയിലേക്കും നയിച്ചത്.

പിന്നിട്ട വഴികൾ

1953ൽ കൃഷ്ണമേനോൻ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1956ൽ കേന്ദ്രമന്ത്രിസഭയിൽ വകുപ്പില്ലാമന്ത്രിയായി നിയമിതനായി. 1957ൽ ബോംബെയിൽ നിന്ന് ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുകയും 1957 ഏപ്രിലിൽ ഇന്ത്യയുടെ പ്രതിരോധമന്ത്രിയായി. 1962ലെ ഇന്ത്യാ-ചൈന യുദ്ധത്തിലെ പരാജയത്തെയും ഇന്ത്യൻ സൈന്യത്തിന്റെ തയ്യാറെടുപ്പില്ലായ്മയെയും മുൻനിറുത്തി രാജിവയ്‌ക്കേണ്ടിവന്നു. 1967ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 1969ൽ തിരുവനന്തപുരത്തു നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അന്ന് പത്രാധിപർ കെ.സുകുമാരൻ എടുത്ത നിലപാടും കേരളകൗമുദിയുടെ ഉറച്ച പിന്തുണയുമാണ് തിരുവനന്തപുരത്ത് തന്നെ വിജയിപ്പിച്ചതെന്ന് കൃഷ്ണമേനോൻ തുറന്നു പറഞ്ഞിട്ടുണ്ട്.
ഇന്ത്യക്ക് പുറത്തേക്ക് നോക്കിയാൽ മദ്ധ്യ ലണ്ടനിലെ സെന്റ് പാൻക്രാസ് നഗരസഭയിൽ 1934 മുതൽ 14 വർഷം കൗൺസിലറായിരുന്നു. പെൻഗ്വിൻ ബുക്‌സിന്റെ സ്ഥാപകരിൽ ഒരാളാണ് മേനോൻ.
1957 ജനുവരിയിൽ യു.എൻ പൊതുസഭയിൽ കശ്മീർ വിഷയത്തിൽ ഏഴു മണിക്കൂറും 48 മിനിറ്റും പ്രസംഗിച്ച് അപൂർവ റെക്കാഡിട്ടതോടെ ലോകത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസമ്മേളനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട പ്രസംഗം ഇന്നും ലോക റെക്കാഡാണ്.
വി.കെ. കൃഷ്ണമേനോൻ രാജ്യന്തര വേദിയിൽ അറിയപ്പെടുന്നത് 'ഹീറോ ഓഫ് കശ്മീർ' എന്നായി. ഒരു പക്ഷേ, ഇത്രയും വലിയൊരു പ്രൊഫൈൽ അവകാശപ്പെടാൻ മാത്രം കരുത്തൻ കേരളത്തിൽ നിന്നുണ്ടായിട്ടില്ല, അത്തരമൊരു അലങ്കാരം കൂടി ഈ വിശ്വപൗരന് മാത്രം അവകാശപ്പെടാനുള്ളതാണ്. കേരളത്തിന്റെ അഭിമാനം. എന്നിട്ടുമെന്തേ കേരളം അർഹിക്കുന്ന പരിഗണന ഈ മഹാനുഭാവന് നല്കിയില്ലെന്ന ചോദ്യം വിയോഗത്തിന്റെ അമ്പതാം വർഷത്തിലും അവശേഷിക്കുന്നു.