സുൽത്താൻ ബത്തേരി: സംസ്ഥാന സബ് ജൂനീയർ അണ്ടർ 15 ചെസ് ചാമ്പ്യൻഷിപ്പിന് സുൽത്താൻ ബത്തേരി റീജൻസി ഓഡിറ്റോറിയത്തിൽ തുടക്കമായി. സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റി, ഇന്ത്യൻ ചെസ് അക്കാഡമി, വിമുക്തി ലഹരി വർജ്ജന മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. സംസ്ഥാനത്ത 14 ജില്ലകളിൽ നിന്നുള്ള 49 ഫിഡേ റേറ്റഡ് താരങ്ങൾ ഉൾപ്പെടെ 110 പേരാണ് പങ്കെടുക്കുന്നത്. ഒപ്പൺ ആൻഡ് ഗേൾസ് വിഭാഗങ്ങളിലായാണ് മത്സരം. ഇന്നലെ നാല് റൗണ്ട് മത്സരം നടന്നു. ഇന്ന് മൂന്ന് റൗണ്ട് മത്സരം നടക്കും. ചാമ്പ്യൻഷിപ്പിൽ ഓരോ വിഭാഗങ്ങളിലും ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്നവർക്ക് നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാം. ചാമ്പ്യൻഷിപ്പ് സംസ്ഥാന ടെക്നിക്കൽ കമ്മിറ്റി അംഗം എൻ. ജ്യോതിലാലും ജില്ലാ സ്‌പോർട്സ് കൗൺസിൽ അംഗം പി.കെ. അയ്യൂബും കരുക്കൾ നീക്കി ഉദ്ഘാടനം ചെയ്തു. ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. വിനീഷ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ വി.ആർ. സന്തോഷ്, അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ. രമേശ്, ഓർഗനൈസിംഗ് കമ്മിറ്റി അംഗം എം.കെ. സുനിൽ, ചീഫ് ആർബിറ്റർ അബ്ദുൾ ലത്തിഫ് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് ട്രോഫികൾ വിതരണം ചെയ്യും.