pinarayi
മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട്: ആഴ്ചവട്ടം ഹയർ സെക്കൻഡറി സ്‌കൂളിൽ നവകേരള കർമപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽ നിന്നുള്ള മൂന്നു കോടി രൂപ ചെലവിൽ നിർമിച്ച മൂന്നുനില കെട്ടിടത്തിന്റെയും പറയഞ്ചേരി എസ്.കെ പൊറ്റക്കാട് മെമ്മോറിയൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരു കോടി രൂപ ചെലവിൽ നിർമിച്ച ലാബ് സമുച്ഛയവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഇരു സ്‌കൂളുകളിലും ഉദ്ഘാടനം ചെയ്ത കെട്ടിടങ്ങളുടെ ശിലാഫലകം അഹമ്മദ് ദേവർകോവിൽ എം.എൽ.എ അനാഛാദനം ചെയ്തു.

വിശാലമായ ഡൈനിംഗ് ഹാളും ആറ് ക്ലാസ് മുറികളും രണ്ട് വിശ്രമമുറികളും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ശുചിമുറികളും ഉൾപ്പെടുന്ന മൂന്നുനില കെട്ടിടമാണ് ആഴ്ചവട്ടം സ്‌കൂളിൽ സജ്ജമായത്. പഴയ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റിയാണ് പുതിയ ബ്ലോക്ക് പണിതത്. പറയഞ്ചേരി സ്‌കൂളിൽ ഉദ്ഘാടനം ചെയ്ത കെട്ടിയ സമുച്ചയത്തിൽ ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ് ലാബുകൾ ഒരുക്കിയിട്ടുണ്ട്. പറയഞ്ചേരി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിന് കോഴിക്കോട് കോർപറേഷൻ അനുവദിച്ച ടോയ്‌ലെറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനവും നടന്നു.

പറയഞ്ചേരി സ്‌കൂളിൽ മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ആഴ്ചവട്ടം സ്‌കൂളിൽ വാർഡ് കൗൺസിലർ എൻ.സി മോയൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പറയഞ്ചേരി സ്‌കൂളിൽ കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സി രേഖ അദ്ധ്യക്ഷത വഹിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിന്
ചെലവഴിച്ചത് 4500 കോടി: മുഖ്യമന്ത്രി

കോഴിക്കോട്: പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ എട്ട് വർഷത്തിനിടെ ചെലവഴിച്ചത് 4500 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഴ്ചവട്ടം ഹയർ സെക്കൻഡറി സ്കൂൾ, പറയഞ്ചേരി ഗവ. വോക്കഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെ സംസ്ഥാനത്തെ 30 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ എട്ട് വർഷം കൊണ്ട് 973 സ്‌കൂൾ കെട്ടിടങ്ങളാണ് കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്നത്. 2500 കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. ഇതിൽ 508 കെട്ടിടങ്ങൾ പൂർത്തിയായി.

രാജ്യത്ത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം ഒന്നാം സ്ഥാനത്താണ് നിൽക്കുന്നത്. അത് കൂടുതൽ മെച്ചപ്പെടുത്തും. കേന്ദ്ര സർക്കാർ 2022ൽ പുറത്തുവിട്ട കണക്ക് പ്രകാരം കേരളത്തിൽ 60 ലക്ഷത്തോളം കുട്ടികളാണ് ഒന്ന് മുതൽ 12 വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസം നടത്തേണ്ട പ്രായത്തിലുള്ളത്. ഇതിൽ 45 ലക്ഷത്തിലധികം കുട്ടികൾ പൊതുവിദ്യാലയങ്ങളിലാണ്. 80 ശതമാനത്തോളം കുട്ടികൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ഇത് വിദ്യാഭ്യാസ മാതൃകയുടെ ഉന്നത വിലവാരം കാണിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.