sathi

ബേപ്പൂർ: അങ്ങാടിയിൽ ഏതു നിമിഷവും നിലം പതിക്കാറായ ചരിത്രസ്തൂപം പൊളിച്ച് പുതിയത് പണിയാനുള്ള പ്രവൃത്തികൾ ആരംഭിച്ചു. ടൂറിസം വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരിക്കുന്നത്. സ്തൂപത്തിന്റെ മുകൾ ഭാഗത്തെ കോൺക്രീറ്റ് തകർന്ന് കമ്പികൾ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. സമീപത്തെ തണൽ വൃക്ഷത്തിന്റെ ശാഖകളും സ്തൂപത്തിന് മുകളിലേക്ക് ചാഞ്ഞ നിലയിലാണ്. രാവിലെയും വൈകിട്ടും വയോജനങ്ങൾ ഉൾപ്പെടെ ഇതിനുകീഴിൽ ഇരിക്കാറുണ്ട്. സ്തൂപത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ആഗസ്റ്റ് 20ന് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

നിലവിൽ 12 അടി ഉയരമുള്ള സ്തൂപത്തിന്റെ സ്ഥാനത്ത് തന്നെയാണ് പുതിയത് നിർമ്മിക്കുന്നത്. സമീപത്തെ വൃക്ഷത്തിന്റെ ശാഖകൾ വെട്ടിമാറ്റി, ടൈൽ പാകി ഇരിപ്പിടമൊരുക്കും. അലങ്കാര ദീപങ്ങളും സ്ഥാപിക്കും.

1982ൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരനാണ് സ്തൂപത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ഡിസംബറിൽ നടക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റിന് മുമ്പ് നവീകരണം പൂർത്തിയാക്കും. മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് ഉടൻ നടപടിയായത്. അങ്ങാടിയിൽ വ്യാപാര സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റാനും പദ്ധതിയുണ്ട്.