സുൽത്താൻ ബത്തേരി: നെല്ലിന് കതിർ ചാടുന്ന സമയത്ത് ഇപ്പോൾ ഉണ്ടായി കൊണ്ടിരിക്കുന്ന ഓലകരിച്ചിൽ വിളവിനെ കാര്യമായി ബാധിക്കുമെന്ന് ആശങ്കയിലാണ് കർഷകർ. നെൽകൃഷിയെ സംരക്ഷിക്കാൻ കൃഷിവകുപ്പ് ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിക്കാനുള്ള സംവിധാനം ഒരുക്കേണ്ടിയരിക്കുന്നു. നൂൽപ്പുഴ പഞ്ചായത്തിലെ തിരുവണ്ണൂർ പാടശേഖരത്തിലാണ് നെൽകർഷകരെ പ്രതിസന്ധിയിലാക്കി ഓലകരിച്ചിൽ വ്യാപകമാകുന്നത്. ഒരുപാടത്തിൽ നിന്ന് മറ്റൊരു പാടത്തിലേക്ക് അതിവേഗമാണ് ഓലകരിച്ചിൽ ഫംഗസ് ബാധ പടർന്നു പിടിക്കുന്നത്.ആദ്യം ചെറിയ രീതിയിൽ ആയിരുന്നു രോഗം കണ്ടിരുന്നതെങ്കിൽ ഇപ്പോൾ ഓരോ ദിവസം ചെല്ലുംതോറും വ്യാപകമാവുകയാണ് ഓലകരിച്ചിൽ.
തിരുവണ്ണൂർ പാടശേഖരത്തിൽ മാത്രം 300 ഏക്കർ കൃഷിയിടമാണുള്ളത്. ഇതിൽ എല്ലായിടത്തും ഓല കരിച്ചിൽ പടർന്ന് പിടിച്ചിരിക്കുകയാണ്. ഓലകരിയുന്ന നെൽ ചെടികളുടെ വേരും ചീഞ്ഞ് ഉണങ്ങി നശിക്കുകയാണ്. കതിര് ചാടുന്ന സമയമായതിനാൽ നെൽ ചെടികൾക്കിടയിലൂടെ നടന്നു മരുന്നടിക്കാനും കർഷകർ പ്രയാസപ്പെടുന്നു. അതിനാൽ ഡ്രോൺ സംവിധാനം ഉപയോഗിച്ച് കൃഷി വകുപ്പ് തന്നെ മേഖലയിൽ മരുന്നു തളിക്കണമെന്ന ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്. ഓല കരിച്ചിൽ വ്യാപകമായതോടെ വിളവിനെയും സാരമായി ബാധിക്കും എന്നാണ് കർഷകർ പറയുന്നത്.
ഓലകരിച്ചിൽ ബാധിച്ച നെൽവയലുകൾ