നാദാപുരം: ജില്ലയിലെ മലയോര ഗ്രാമങ്ങൾ കാട്ടുപന്നികളുടെ താവളമായി മാറുന്നു. വാണിമേൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ കാട്ടുപന്നി ശല്യമാണ്. പഞ്ചായത്തിലെ ചേലമുക്ക്, പൈങ്ങോൽതാഴ പ്രദേശത്താണ് കാട്ടുപന്നികൾ കൂട്ടമായി തമ്പടിച്ചിരിക്കുന്നത്. അതിരാവിലെ ജോലിക്കായും മറ്റും പോകുന്ന ഇരുചക്ര വാഹനയാത്രക്കാർക്കാണ് ഇവ ഭീഷണി സൃഷ്ടിക്കുന്നത്. വാഹനങ്ങൾക്കു മുന്നിലേക്ക് അവിചാരിതമായി എടുത്തുചാടിയാണ് അപകടങ്ങൾ ഉണ്ടാകുന്നത്. നിരവധിപ്പേരാണ് മേഖലയിൽ കാട്ടുപന്നി ആക്രമണത്തിന് ഇരയായിട്ടുള്ളത്. തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്.
കാട്ടുപ്പന്നിക്കൂട്ടം പ്രദേശത്ത് അരക്ഷിതമായ അവസ്ഥ സൃഷ്ടിക്കുകയാണെന്നും ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
കൈമലർത്തി വനംവകുപ്പ്
കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും പതിവാണ്. കർഷക അവാർഡ് ജേതാവായ പൈങ്ങോൾതാഴെ കൃഷി സ്ഥലമുള്ള വാതുക്കൽ പറമ്പത്ത് ബഷീറിന്റേത് ഉൾപ്പെടെ നിരവധി കർഷകരുടെ കൃഷി ഇവ നശിപ്പിച്ചു. മറ്ര് മാർഗങ്ങളില്ലാതെ പലരും കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.