s

മാവൂർ: സാംസ്കാരിക പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് തന്നെ മുൻപന്തിയിലുണ്ടായിരുന്ന മാവൂരിലെ പ്രവർത്തനങ്ങൾക്ക് പുത്തനുണർവേകി 'മാവൂർ ഓർമ്മ മധുരം 2024". 23 വർഷമായി സാംസ്കാരിക പ്രവർത്തനങ്ങളിൽ നിർജീവമായ മാവൂരിനെ പഴയ പ്രൗഢിയിലെത്താൻ പരിപാടി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. 2001ൽ ഗ്രാസിം കമ്പനി പൂർണമായും അടച്ചു പൂട്ടിയതോടെ തൊഴിലിലായ്മയും സാമ്പത്തിക പ്രതിസന്ധികളും പ്രദേശത്ത് രൂക്ഷമായി. ഇതാണ് സാംസ്കാരിക പ്രവർത്തനങ്ങളെ പിന്നോട്ടുവലിച്ചത്.

മാവൂർ ജി.എം.യു.പി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ എം.എൻ.കാരശ്ശേരി മാവിൻ തൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗായിക ബെൻഷിറ റഷീദ്,​ സി.ടി.കബീർ,​ മധു ശങ്കർ മീനാക്ഷി,​ മിനി ടീച്ചർ,​ ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു. വിശ്വം കെ.അഴകത്ത്,​ രാഹുൽ കൈമല,​ പ്രശാന്ത് വിദ്യാധരൻ,​ ശ്രീകുമാർ മാവൂർ,​ ബൽക്കീസ് ടീച്ചർ,​ സലാം മാവൂർ,​ അബ്ദുള്ള കുട്ടി,​ മുരളിധരൻ സരിഗ,​ ആയിഷ ഉമ്മ,​ രവീന്ദ്രൻ അരയംക്കോട് എന്നിവർക്ക് കെ.പി.വിജയൻ,​ രാധാകൃഷ്ണൻ, ഗോപിനാഥ്,​ അനിൽ പാറപുറം തുടങ്ങിയവരുടെ പേരിലുള്ള ഓർമ്മ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

പ്രതിഭകളെ സൃഷ്ടിച്ച ഇടം

ഗ്രാസിം കമ്പനി പ്രവർത്തിച്ചിരുന്നപ്പോൾ കലാപ്രതിഭകൾക്ക് വളരാനുള്ള സാമ്പത്തിക,​ ഭൗതിക സാഹചര്യങ്ങൾ ഉണ്ടായിരുന്നു. കുട്ടികളുടെയും വനിതകളുടെയും നിരവധി കലാ സംസ്കാരിക സംഘടനകളും പ്രവർത്തിച്ചിരുന്നു. കലാപ്രതിഭകൾക്ക് ആവശ്യമായ പിന്തുണയും പരിശീലനവും ഈ സംഘടനകൾ നൽകിയിരുന്നു. അവയിലൂടെ വളർന്ന പ്രതിഭകൾ ഇന്ന് സിനിമ,​ സീരിയൽ,​ നാടക,​ നൃത്ത,​ സംഗീത,​ ചിത്രകലാ രംഗത്ത് നാട്ടിലും വിദേശത്തുമായി പ്രവർത്തിക്കുന്നുണ്ട്.

ലക്ഷ്യം സാംസ്കാരിക രംഗത്തെ ഉണർവ്

കലാ സാംസ്കാരിക രംഗത്ത് ഉണർവേകണമെന്ന ലക്ഷ്യത്തോടെയാണ് മത,​ രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ഒരു മനസോടെ മാവൂർക്കാർ എന്ന കൂട്ടായ്മയും ജി.എം.യു.പി സ്കൂളിലെ പൂർവ വിദ്യാർത്ഥികളും ചേർന്ന് 'മാവൂർ ഓർമ്മ മധുരം 2024" എന്ന സംഗമം സംഘടിപ്പിച്ചത്. എല്ലാ മാസവും കലാ സാംസ്കാരിക പരിപാടി സംഘടിപ്പിക്കാനും പഞ്ചായത്തിന്റെ അധീനതയിലുള്ള കൺവെൻഷൻ സെന്റർ കലാ സംഘടനകൾക്ക് സൗജന്യമായി നൽകാൻ നിവേദനം സമർപ്പിക്കാനുമാണ് പരിപാടിയിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.