ek

​പയ്യോളി: മുനിസിപ്പാലിറ്റിയുടെ 21-ാം ഡിവിഷ​​നിൽ പയ്യോളി ടൗണിന് പാടിഞ്ഞാറ് ഭാഗത്തേക്ക് വെള്ളം ഒഴുക്കിവിടുന്ന അശാസ്ത്രീയ ഡ്രെയിനേജ് നിർമ്മാണത്തിനെതിരെ ജനം പ്രക്ഷോഭത്തിലേക്ക്. ദേശീയ പാതയിലൂടെയെത്തുന്ന വെള്ളം താരതമ്യേന താഴ്ന്ന പ്രദേശമായ ജനവാസ മേഖലയിലേക്ക് ഒഴുക്കി വിടുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 180 ഓളം വീടുകളും മൂന്ന് സ്കൂളുകളും ഇതിലൂടെ വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയിലാണ്. സാധാരണ മഴക്കാലത്ത് പോലും വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശമാണിത്.

ജനങ്ങളെ വെള്ളത്തിലാക്കുന്ന നടപടിയിൽ നിന്ന് അധികൃതർ പിന്മാറണമെന്നും തഹസിൽദാർ നിർദ്ദേശിച്ച ഹൈവേയുടെ കിഴക്കു ഭാഗത്തെ ജനസാന്ദ്രത കുറഞ്ഞ ഇത്തിച്ചിറ ഭാഗത്തേക്ക് വെള്ളം ഒഴുക്കണമെന്നുമാണ് കർമ്മസമിതിയുടെ ആവശ്യം. ഇതുസംബന്ധിച്ച് മുനിസിപ്പൽ അധികൃതർക്ക് കൊയിലാണ്ടി തഹസിൽദാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

പാര വച്ചത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ

​പദ്ധതിയുടെ അശാസ്ത്രീയതയും ജനങ്ങളുടെ ദുരിതവും സൂചിപ്പിച്ച് കർമ്മസമിതി​ ചെയർമാൻ യു.സജീവൻ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഡ്രെയിനേജ് വെള്ളം ജനവാസ മേഖലയിലേക്ക് തുറന്നുവിടുന്നതിന്റെ അനന്തരഫലങ്ങൾ മനസിലാക്കി ജില്ലാ കളക്ടറുമായും അധികാരികളുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പദ്ധതി പിൻവലിക്കാൻ തീരുമാനി​ച്ചിരുന്നു. എന്നാൽ പയ്യോളി മുനിസിപ്പാലിറ്റിയിലെ അസിസ്റ്റന്റ് എൻജിനിയറും മറ്റ് ചില ഉദ്യോഗസ്ഥരും കോഴിക്കോട് ജില്ലാ കളക്ടർക്ക് നൽകിയ വസ്തുതാ വിരുദ്ധമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധികൃതർ നിലവിൽ പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. വില്ലേജ് ഓഫീസിൽ നിന്നുള്ള വിവരാവകാശ മറുപടിയും ​ഡ്രെയിനേജ് പദ്ധതിക്കെതിരാണ്.

പയ്യോളി നഗരസഭയിലെ ചില ഉദ്യോഗസ്ഥരുടെയും ചില സ്ഥാപിത താത്പര്യക്കാരുടെയും സമ്മർദ്ദഫലമായാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. ഒരു പ്രദേശത്തെ ഇല്ലാതാക്കുന്ന നടപടിയിൽ നിന്ന് അധികൃതർ പിന്മാറണം.

-ഇ.കെ.ശീതൾരാജ്,

വാർഡ് വികസനസമിതി കൺവീനർ