
കുറ്റ്യാടി: കാവിലുംപാറ പക്രം തളം ചുരം റോഡിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു. ആളപായമില്ല. ഇന്നലെ രാവിലെ 9ഓടെ ചുരം റോഡിലെ നാലാം വളവിലാണ് സംഭവം. വയനാട്ടിലേക്ക് പോവുകയായിരുന്ന വളയം സ്വദേശികളായ വിനോദ സഞ്ചാര സംഘത്തിന്റെ വാഹനത്തിനാണ് തീപിടിച്ചത്. വണ്ടിയിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ വാഹനം നിറുത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. കക്കട്ടിനടുത്ത അരൂർ സ്വദേശിയുടേതാണ് വാഹനം. നാദാപുരത്ത് നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു. വാഹനം പൂർണമായും നശിച്ചു.
അപകടം തുടർക്കഥ
കാവിലുംപാറ ചുരം റോഡിൽ വാഹനങ്ങൾ കത്തി നശിക്കുന്നത് പതിവാവുകയാണ്. രണ്ട് വർഷം മുമ്പ് അഞ്ചാം വളവിൽ ട്രാവലറും ജീപ്പ് ഉൾപ്പെടെയുള്ള വാഹനങ്ങളും കത്തിനശിച്ചിരുന്നു. മൂന്നുമാസം മുമ്പ് മൂന്നാം വളവിലെ റോഡിൽ ബൈക്കും പൂർണമായും നശിച്ചിരുന്നു. ചുരം റോഡിലെ അശാസ്ത്രീയമായ കയറ്റവും റോഡിലെ അസൗകര്യവുമാണ് അടിക്കടിയുള്ള അപകടങ്ങൾക്ക് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.