eee

കോഴിക്കോട്: ഏഷ്യയിലെ രണ്ടാമത്തെ ദീർഘദൂര കയാക്കിംഗ് യാത്രയായ ചാലിയാർ റിവർ പാഡിൽ സമാപിച്ചു. നിലമ്പൂർ മാനവേദൻ ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്തെ കടവിൽ നിന്ന് വെള്ളിയാഴ്ച ആരംഭിച്ച യാത്ര ഇന്നലെ വൈകിട്ടാണ് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടർ സ്‌പോർട്സ് ക്ലബിൽ സമാപിച്ചത്. മാലിന്യവിമുക്ത ചാലിയാറെന്ന ലക്ഷ്യത്തോടെ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ജെല്ലിഫിഷ് വാട്ടർ സ്‌പോർട്സ് ക്ലബ്ബാണ് മൂന്നുദിവസത്തെ യാത്ര സംഘടിപ്പിച്ചത്.

ടൂറിസം ഡിപ്പാർട്ട്‌മെന്റ്, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, കോഴിക്കോട് പാരഗൺ റസ്റ്റാറന്റ്, ഗ്രീൻ വേംസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ഇന്ത്യ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ജർമ്മനി, യു.കെ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്ന് 50 പേർ യാത്രയിൽ പങ്കെടുത്തു.

ജെല്ലിഫിഷ് വാട്ടർ സ്‌പോർട്സ് ക്ലബ്ബിൽ വൈകിട്ട് നടന്ന സമാപന ചടങ്ങ് ഓഷ്യൻ ഗ്ലോബ് റേസ് പായ്വഞ്ചയോട്ട മത്സരത്തിൽ പങ്കെടുത്ത ഇന്ത്യൻ താരം ധന്യ പൈലോ ഉദ്ഘാടനം ചെയ്തു. ശരത് ജോസ്, നീരജ് വർമ്മ, ഫെറ.ടി.പി, കൗഷിക്ക് കോടത്തോടിക, റിൻസി ഇക്ബാൽ, പ്രസാദ് തുമ്പാണി, അക്ഷയ് അശോക്.വി.കെ, സുധാകർ ജന, ഉദയകുമാർ.കെ, എം.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മൂന്ന് ദിവസങ്ങളിലായി 1,000 കിലോ മാലിന്യം സംഘം ചാലിയാറിൽ നിന്ന് ശേഖരിച്ചു. ഗ്രീൻ വേംസിന്റെ സഹകരണത്തോടെ മാലിന്യം വേർതിരിച്ച് പുനഃചംക്രമണത്തിന് അയയ്ക്കും.