aana
വന്യജീവി സങ്കേതം മേധാവി വരുൺ ഡാലിയ വിക്രമിന് പഴങ്ങൾ നൽകികൊണ്ട് ആനയൂട്ടിന് തുടക്കം കുറിക്കുന്നു

സുൽത്താൻ ബത്തേരി: മുത്തങ്ങ ആനപന്തിയിലെ കുങ്കിയാനകളായ വിക്രമിനും ഭരതിനും രാജകീയ ഊട്ട് നൽകി. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായാണ് പന്തിയിലെ മറ്റ് ആനകൾക്കൊപ്പം ഊട്ട് നൽകിയത്. ഒരു കാലത്ത് നാട് വിറപ്പിച്ചുവന്ന വടക്കനാട് കൊമ്പനും (വിക്രം), കല്ലൂർ കൊമ്പനും (ഭരത്) ജനങ്ങൾക്ക് ഉപകാരിയായി മാറുകയും, വനം വകുപ്പിന്റെ ഏറ്റവും വിശ്വസ്തരായ കുങ്കിയാനകളായി തീരുകയും ചെയ്തതോടെയാണ് ജനങ്ങളുടെ അംഗീകാരവും ലഭിച്ചത്. ഊട്ടിന്
പഴവർഗ്ഗങ്ങളും റാഗിയും ചോറും അവിലും അടക്കമുള്ള ഇരുപതോളം വിഭവങ്ങളാണ് ആനകൾക്ക് നൽകിയത്.

പന്തിയിലെ വിക്രം, ഭരത് എന്നിവർക്ക് പുറമെ ചന്ദ്രനാഥ്, പല്ലവ് ദേവ്, സുന്ദരി, ചന്തു അടക്കമുള്ള ആനകളാണ് ഊട്ടിന് ആദ്യ പന്തിയിൽ തന്നെ നിരന്നത്. സൂര്യൻ, കുഞ്ചു. ഉണ്ണികൃഷ്ണൻ, സുരേന്ദ്രൻ, പ്രമുഖ അടക്കമുള്ള ആനകൾ രണ്ടാം പന്തിയിലും ഊട്ടിനായി നിരന്നു. ഇവർക്ക് നൽകാനായി കരിമ്പ്, ശർക്കര, നാളികേരം, പഴങ്ങൾ, തണ്ണിമത്തൻ, പൈനാപ്പിൾ അടക്കമുള്ള പഴവർഗ്ഗങ്ങളും ഒരുക്കിയിരുന്നു. തുടർന്ന് പന്തിയിലെ ആനപാപ്പാൻ ചന്ദ്രൻ പൂജ നടത്തിയതിനുശേഷമാണ് ആനകളെ ഊട്ടിയത്. വടക്കനാട് കൊമ്പൻ എന്ന വിക്രമിന് വന്യജീവി സങ്കേതം മേധാവി വരുൺ ഡാലിയ പഴങ്ങൾ നൽകി കൊണ്ടാണ് ആനയൂട്ടിന് തുടക്കം കുറിച്ചത്. ജില്ലാ പൊലീസ് മേധാവി തപോഷി ബസുമാതിരി, സബ് കളക്ടർ മിസാൽ സാഗർ ഭരത് എന്നിവരും ആനയൂട്ടിൽ പങ്കാളികളായി. ആർ.ആർ.ടി റെയിഞ്ച് ഓഫീസർ കെ.വി ബിജു, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻമാരായ സഞ്ജയ് കുമാർ, സുധിൻ, ഫോറസ്റ്റ് വെറ്ററനറി ഓഫീസർ ഡോ. എം. അജീഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മനോജ് മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും ആനയൂട്ടിൽ സംബന്ധിച്ചു.



വന്യജീവി സങ്കേതം മേധാവി വരുൺ ഡാലിയ വിക്രമിന് പഴങ്ങൾ നൽകികൊണ്ട് ആനയൂട്ടിന് തുടക്കം കുറിക്കുന്നു