
പാട്ടിന് സുറുമയെഴുതിയ എം.എസ്. ബാബുരാജ് എന്ന ബാബുക്ക ഈണങ്ങളുടെ തേൻ പുരട്ടിയ. ഇതുവരെ ആരും കേൾക്കാത്ത പതിനഞ്ചു പാട്ടുകളുടെ മധുരം നെഞ്ചോടു ചേർത്തുറങ്ങുന്ന ഒരു പാട്ടുകാരിയുണ്ട്, കോഴിക്കോട്ട്- ബാബുരാജ് കൈപിടിച്ചു നടത്തി, പാട്ടുകാരിയാക്കിയ തങ്കം റെയ്ച്ചൽ. ബാബുരാജ് വിടപറഞ്ഞിട്ട് നാല്പത്തിയാറു വർഷം പിന്നിടുമ്പോൾ തങ്കത്തിന് ഇപ്പോൾ പ്രായം അറുപത്തിമൂന്ന്. പ്രായത്തിന്റെ വെള്ളിരേഖകളൊന്നും തങ്കം റെയ്ച്ചൽ എന്ന പി. തങ്കത്തിന്റെ സ്വരമാധുര്യത്തെ ആക്രമിച്ചിട്ടില്ല.
കോഴിക്കോട് കാളൂർ റോഡിൽ പടിഞ്ഞാറെ അരീക്കോട് പറമ്പിൽ പാട്ടുസ്‌നേഹികൾ സമ്മാനിച്ച രണ്ടര സെന്റിലെ കുഞ്ഞുവീട്ടിൽ കഴിയുന്ന തങ്കത്തിന്റെ ഏറ്റവും വലിയ സ്വത്ത് ബാബുക്കയെക്കുറിച്ചുള്ള ഓർമ്മകളാണ്. പിന്നെ, തങ്കത്തിനു മാത്രം മൂളാനറിയാവുന്ന ആ പതിനഞ്ചു പാട്ടുകളും! 'ഞാൻ എരിഞ്ഞടങ്ങും മുമ്പ് ഈ പാട്ടുകൾ വേണോ നിങ്ങൾക്ക്? ബാബുക്ക ബാക്കിവച്ചു പോയ ഈ ഈണങ്ങൾ ഒരുവട്ടമെങ്കിലും കേൾക്കേണ്ടേ?"- തങ്കം ചോദിക്കുന്നു.
ഖദീജേ...ഖദീജേ...
കാണുവതെന്നിനി ഞാൻ നിന്നെ,
കാണുവതെന്നിനി ഞാൻ....
തങ്കം റെയ്ച്ചൽ എന്ന പേര് പെട്ടെന്ന് ഓർമ്മയിലേക്കു വരുന്നില്ലെങ്കിൽ ഓർമ്മിപ്പിക്കാനാണ് ഈ വരികൾ. ചിത്രം ഖദീജ. 1967-ലാണ് എം. കൃഷ്ണൻനായർ സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത്. സിനിമയും അതിലെ പാട്ടുകളും ഹിറ്റ്. അക്കാലത്തെ ജനപ്രിയ താരങ്ങൾ സത്യനും മധുവും ഉമ്മറും ഷീലയുമെല്ലാം ഒരുമിച്ച ചിത്രം. രചന യൂസഫലി കേച്ചേരി, സംഗീതം എം.എസ് ബാബുരാജ്. 'ഖദീജേ... ഖദീജേ..." ഒഴികെ മറ്റുപാട്ടുകൾ പാടിയത് യേശുദാസും എസ്. ജാനകിയും എൽ.ആർ. ഈശ്വരിയും. ഇതേ ചിത്രത്തിൽ എൽ.ആർ. ഈശ്വരിക്കൊപ്പം തങ്കം പാടിയ 'കൺമുന നീട്ടി മൊഞ്ചുംകാട്ടി കാത്തിരിക്കണ മണവാട്ടി..." എന്ന പാട്ടും അന്ന് വലിയ ഹിറ്റായിരുന്നു.
ഓർമ്മകളുടെ
സമ്പാദ്യം
പത്താംക്ലാസിൽ പഠിക്കുമ്പോളാണ് തങ്കത്തെ തേടി 'ഖദീജ"യിലെ പാട്ട് എത്തിയത്. പിന്നീട് ബാബുരാജിനൊപ്പം കോഴിക്കോട്ടെ പാട്ടുവേദികളിലെ സ്ഥിരം ഗായിക. ബാബുരാജ് ഈണം പകർന്ന നൂറോളം നാടകങ്ങളിലെ പാട്ടുകാരി, യേശുദാസും ജയചന്ദ്രനും ഉൾപ്പെടെ പുതുതലമുറയിലെ അടക്കം പാട്ടുകാർക്കൊപ്പം നിരവധി ഗാനമേളകൾ, ആകാശവാണിയിലെ സ്ഥിരം പാട്ടുകാരി... ജീവിതത്തിന്റെ വെളിച്ചം പൂർണമായും കെട്ടുപോയിട്ടും ഇപ്പോഴും തങ്കം റെയ്ച്ചലിനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ബാബുക്കയെക്കുറിച്ചുള്ള മധുരസ്മരണകളും അദ്ദേഹം ആർക്കും കൊടുക്കാതെ തന്നെ പാടിപ്പഠിപ്പിച്ചുപോയ കുറച്ചു പാട്ടുകളുമാണ്.
അർഹിക്കുന്ന കൈകൾ തേടിയെത്തിയാൽ മാത്രം ആ പാട്ടുകൾ നല്കുമെന്നൊരു വാശിയുണ്ട്, തങ്കത്തിന്.
നിറങ്ങൾ തൂവൽ പൊഴിച്ചു
നിശ്ശൂന്യതയിൽ ലയിച്ചു
നിമിഷാവലികൾ ജീവിതരതിയുടെ
നിർവൃതികാത്തുകിടന്നു...
ഒരു നാടകത്തിനുവേണ്ടി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിക്കൊടുത്ത ഗാനമാണ് നിധിപോലെ തങ്കം സൂക്ഷിക്കുന്ന പതിനഞ്ചു ഗാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത്. ഒരുപക്ഷേ, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പുറംലോകം കാണാതെപോയ രചനയും ഇതാകാമെന്ന് തങ്കം പറയുന്നു. ഈ പാട്ടിനെക്കുറിച്ചു പറയുമ്പോൾ തങ്കത്തിന്റെ കണ്ണുകൾ നിറയുന്നു: 'ഹരിഹരന്റെ ഒരു സിനിമയുടെ റെക്കാർഡിംഗിനിടെ കോഴിക്കോട്ട് എത്തിയപ്പോഴായിരുന്നു ആ പാട്ട് ചെയ്തത്. അദ്ദേഹം നാട്ടിലെത്തിയാൽ സ്ഥിരമായി കൂടാറുളള മിഠായിത്തെരുവിലെ ആര്യഭവനിൽ വെച്ചായിരുന്നു കംപോസിംഗ്. രാവിലെ തുടങ്ങി ഏതാണ്ട് ഉച്ചയാവുമ്പോഴേക്കും ബാബുക്കയ്ക്ക് ഏറെ പ്രിയപ്പെട്ട ഹിന്ദുസ്ഥാനിയിൽ അതു ചിട്ടപ്പെടുത്തി. അദ്ദേഹം ആഗ്രഹിച്ചതു പോലെ പാടിയപ്പോൾ, പറ്റിയാൽ താൻ ഇതു സിനിമയിലാക്കുമെന്നു പറഞ്ഞ് ചുമലിൽ തട്ടിയത് മറക്കാനാവുന്നില്ല."
അവസാന
യാത്രയിൽ
'വിഷജന്തുക്കൾ" എന്നൊരു നാടകത്തിനു വേണ്ടിയിട്ടായിരുന്നു അന്ന് ആ പാട്ട് ചിട്ടപ്പെടുത്തിയത്. പക്ഷെ അത് പിന്നീട് പുറത്തുവന്നില്ല. പാട്ടുകഴിഞ്ഞ ഉടനെ ഹരിഹരന്റെ പടത്തിന്റെ റീറെക്കാർഡിംഗ് ഉണ്ടെന്നുപറഞ്ഞ് അവിടുന്ന് നേരെ മദ്രാസിലേക്കു പോയി. രണ്ടാഴ്ചകഴിഞ്ഞ് മടിങ്ങിവരുമെന്നും. കുറച്ചു പാട്ടുകൾ കൂടി ചെയ്യാനുണ്ടെന്നും പറഞ്ഞായിരുന്നു യാത്ര. പക്ഷേ അദ്ദേഹത്തിന്റെ അടുത്ത പാട്ടു പാടാനായുള്ള എന്റെ കാത്തിരിപ്പ് വെറുതെയായി. കൃത്യം രണ്ടാഴ്ചകഴിഞ്ഞ് 1978 ഒക്ടോബർ ഏഴിന് ബാബുക്കയുടെ മരണവാർത്തയാണ് തേടിയെത്തിയത്. ഇപ്പോൾ വർഷം എത്രകഴിഞ്ഞു. എന്നിട്ടും കൺമുമ്പിൽ നിന്ന് അദ്ദേഹമോ, എന്റെ ചുണ്ടിലേക്ക് അദ്ദേഹം പകർന്നു തന്ന പാട്ടുകളോ വിട്ടുപോകുന്നില്ല. ഇന്നുണ്ടായിരുന്നെങ്കിൽ നിങ്ങളിക്കാണുന്ന ദുരിതമെന്നും തങ്കത്തിന് ഉണ്ടാവുമായിരുന്നില്ലെന്നു കൂടി കൂട്ടിച്ചേർക്കുമ്പോൾ ആ കണ്ണുകൾ അലകടലാവുന്നു.
'എന്റെ കൈവശമുള്ള അദ്ദേഹത്തിന്റെ പതിനഞ്ചുപാട്ടുകളിൽ ഒന്നുപോലും റെക്കാർഡ് ചെയ്ത് കാസറ്റായിട്ടില്ല. മറ്റാർക്കെങ്കിലും ആ പാട്ടുകളുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാനാവുമോ എന്നൊന്നും എനിക്കറിയില്ല. ഇനി അങ്ങനെ ഉണ്ടായാലും കവിതകൾ മാത്രമാണ് രേഖയായിട്ടുള്ളത്. അദ്ദേഹം ആ വരികൾക്കു പകർന്ന മാസ്മരിക സംഗീതം എന്റെ നെഞ്ചിന്റെ പാട്ടുപെട്ടിയിലാണ്. അത് പുറത്തെടുക്കണമെങ്കിൽ ഞാൻതന്നെ വിചാരിക്കണം. എന്നെ സംബന്ധിച്ച് ഉറക്കത്തിൽ വിളിച്ചു പറഞ്ഞാൽപോലും ഒരു വരിപോലും പിഴയ്ക്കാതെ ഞാൻ അതൊക്കെ പാടും. പതിനഞ്ചു പാട്ടുകളും വ്യത്യസ്തങ്ങളായ ഈണങ്ങളിലാണ്. ഗസൽ മോഡലും സെമി ക്ലാസിക്കലും അടിപൊളിയുമുണ്ട് കൂട്ടത്തിൽ."
പാട്ടുകൾ എഴുതിയവരിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനെ മാത്രമേ തങ്കം റേയ്ച്ചലിന് അറിയാവൂ. പാട്ട് പഠിപ്പിച്ചു എന്നല്ലാതെ പലരുടേയും പേരുകൾ ബാബുക്ക പറഞ്ഞിരുന്നില്ല. കനിയുക നീ ഗോപാലകൃഷ്ണ, കാമിതമരുളുക കാർമുകിൽ വർണാ (രചന പി.എം കാസിം), കുരുവിക്കുഞ്ഞിന് കൂട്ടിന്നെത്തിയ ശശികലയെന്തേ മാഞ്ഞു (രചന: എഴുമംഗലം കരുണാകരൻ), തളിരിട്ട തേൻമാവ് പൂത്ത്... കിളിവാലൻ മാങ്ങ പഴുത്ത് (ആരുടേതെന്ന് അറിയില്ല).... ഇങ്ങനെപോകുന്നു, ബാബുരാജ് ഈണമിട്ട് ഇനിയും പുറത്തുവരാതെ കിടക്കുന്ന തങ്കത്തിന്റെ ജീവിത സമ്പാദ്യം.
ബാബുക്കയുടെ
പാട്ടുകാരി
പുതിയറ കോംട്രസ്റ്റ് കണ്ണാശുപത്രിക്കു സമീപം പീറ്റർ- ഗ്രേസ് ദമ്പതികളുടെ മകളായാണ് തങ്കത്തിന്റെ ജനനം. ആറു സഹോദരന്മാർക്ക് ഒറ്റ പെങ്ങൾ. ഒന്നര വയസിൽ അച്ഛൻ മരിച്ചതിനു ശേഷം തങ്കത്തിന്റെ സംഗീത വാസനയ്ക്ക് നിറം പകർന്നത് സഹോദരന്മാരാണ്. അനുജത്തിയുടെ പാട്ടുകമ്പം തിരിച്ചറിഞ്ഞ സഹോദരന്മാർ വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ശരത്ചന്ദ്ര മറാഠെയുടെ അടുത്താണ് സംഗീതം പഠിപ്പിക്കാൻ കൊണ്ടുചെന്നാക്കിയത്. സ്‌കൂൾ പഠനകാലത്ത് എട്ടുവർഷത്തോളം മറാഠെയിൽ നിന്ന് സംഗീതം അഭ്യസിച്ചു. ഈ സമയങ്ങളിൽ നാട്ടിൻപുറങ്ങളിൽ അല്ലറചില്ലറ കല്യാണ ഗാനമേളകളിലൊക്കെ പാടുമായിരുന്നു. അങ്ങനെയൊരുനാൾ ബാബുരാജിന്റെ ഇളയ സഹോദരൻ മജീദിനൊപ്പം കല്ലായിയിലെ ഒരുകല്യാണവീട്ടിൽ വച്ച് ഗാനമേളയിൽ പാടുമ്പോഴാണ് തങ്കമെന്ന കൊച്ചുപാട്ടുകാരി ബാബുരാജിന്റെ ശ്രദ്ധയിൽപ്പെട്ടത്. കല്യാണത്തിന് ബാബുരാജിനും ക്ഷണമുണ്ടായിരുന്നു.
'കുട്ടിക്കുപ്പായ"ത്തിനുവേണ്ടി ഈണമിട്ട 'പുന്നാരം ചൊല്ലാതെ മന്ദാരത്തണലത്ത് കണ്ണാരം പൊത്തിക്കളിക്കാൻ വാ...." എന്ന പാട്ട് തന്റെ സംഗീതത്തിലെ എല്ലാ സാദ്ധ്യതകളും പരമാവധി പ്രയോഗിച്ച് പാടിയ ആ കൊച്ചുപാട്ടുകാരിയെ ബാബുരാജിന് ശരിക്കും ഇഷ്ടപ്പെട്ടു. ഉടൻ അനുജന്റെ കയ്യിൽ നിന്ന് ഹാർമോണിയം വാങ്ങി കുറച്ച് ഈണമിട്ടുകൊടുത്ത് കുറേ പാടിച്ചു. ബോദ്ധ്യം വന്നപ്പോൾ പിന്നെ കൂടെക്കൂട്ടുകയായിരുന്നു. 'അതിനുശേഷം അദ്ദേഹത്തിനൊപ്പം എത്രയോ വേദികൾ. നാടകം, ഗാനമേളകളിൽ ബാബുക്കയുടെ തന്നെ സിനിമാഗാനങ്ങൾ അദ്ദേഹത്തിനൊപ്പവും യേശുദാസിനും ജയചന്ദ്രനുമൊക്കെയൊപ്പം..." അതൊരു സുവർണകാലം തന്നെയായിരുന്നെന്ന് തങ്കം ഓർമ്മിക്കുന്നു.
പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് നിനച്ചിരിക്കാതെ 'ഖദീജ"യിൽ പാടാനായി വിളിച്ചത്. സഹോദരനൊപ്പം മദ്രാസിലേക്ക് വണ്ടികയറുമ്പോൾ മനസുനിറയെ പേടിയായിരുന്നു. സ്റ്റുഡിയോയിൽ ബാബുക്കയ്‌ക്കൊപ്പമിരിക്കുന്നവരെ പരിചയപ്പെടുത്തിയപ്പോൾ പേടി ഇരട്ടിയായി. ആർ.കെ ശേഖർ, പുകഴേന്തി, ചിദംബരനാഥ്...! തലേന്നുതന്നെ പാട്ടിന്റെ സന്ദർഭം മനസിലാക്കിവച്ചിരുന്നു. 'അറിഞ്ഞുപാടണം" എന്നു മാത്രമാണ് ബാബുക്ക പറഞ്ഞത്. 'കാണുവതെന്നിനി ഞാൻ....." കൂട്ടുകാരിയുടെ കബറിനു മീതെ കിടന്നുകരയുന്ന പെൺകുട്ടിയിടെ വേദന വരികളിലുടനീളവും നിഴലിച്ചുനിന്നിരുന്നെന്ന് പാട്ടിനു ശേഷം അദ്ദേഹവും സഹപ്രവർത്തകരും പറഞ്ഞപ്പോൾ സ്വർഗം കിട്ടിയ പ്രതീതിയായിരുന്നു.
ശൂന്യതയിലേക്ക്
മടക്കയാത്ര
രണ്ടാമത്തെ പാട്ട് എൽ.ആർ. ഈശ്വരിക്കൊപ്പം അന്നു തന്നെ പാടി റെക്കാർഡ് ചെയ്തു. അതിനുശേഷം നാട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോൾ ആർ.കെ ശേഖറും പുകഴേന്തിയുമെല്ലാം നിർബന്ധിച്ചു: 'തങ്കം മദ്രാസിൽ നിൽക്ക്. കുട്ടിയെത്തേടി പാട്ടുകൾ ഒരുപാടു വരും!" പക്ഷെ മദ്രാസ് പോലൊരു മഹാനഗരത്തിൽ പാട്ടിന്റെ ഊഴംകാത്തുനിൽക്കാൻ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അനുവദിച്ചില്ല. മനസില്ലാ മനസോടെയാണെങ്കിലും അങ്ങനെ മദ്രാസ് വിട്ടു. പാട്ടു വിട്ട് ദാരിദ്ര്യത്തിലേക്കുള്ള മടക്കയാത്ര ഇപ്പോഴും കണ്ണീരാണ്, തങ്കത്തിന്.
'ഖദീജ" യായിരുന്നു അദ്യത്തെയും അവസാനത്തെയും സിനിമയെങ്കിൽ ബാബുരാജിന്റെ ശ്വാസം നിലയ്ക്കുന്നതിന് രണ്ടാഴ്ച മുമ്പുവരെയും തങ്കം അദ്ദേഹത്തിനൊപ്പം പാടി. തബലിസ്റ്റ് പ്രഭാകരനാണ് തങ്കത്തിന്റെ ഭർത്താവ്. അക്കാലത്ത് ബാബുരാജിനൊപ്പം പല പരിപാടികളിലും പ്രഭാകരനും ഉണ്ടായിരുന്നെങ്കിലും ഉയരങ്ങൾ കീഴടക്കാൻ അദ്ദേഹത്തെയും വിധി തുണച്ചില്ല. ഒരു മകളുണ്ട്.
ബാബുരാജ് പോയശേഷവും കുറച്ചുകാലം നാടകവേദികളിലും ഗാനമേളകളിലുമെല്ലാം തങ്കം ഉണ്ടായിരുന്നെങ്കിലും പതുക്കെപ്പതുക്കെ അവരെ കോഴിക്കോടും പിന്നെ മലയാളിയും മറന്നു.
പക്ഷേ, പ്രവാസി മലയാളികൾ അപ്പോഴും ആ പാട്ടുകാരിയെ ഓർത്തുകൊണ്ടിരുന്നു. കോഴിക്കോട്ടെ ഒരു ലൈൻ മുറിയിൽ മാലിന്യങ്ങൾക്കിടയിൽ തങ്കം അനുഭവിക്കുന്ന ജീവിതദുരിതം കേട്ടറിഞ്ഞ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രവർത്തകർ ദുബായിൽ നടത്തിയ ഒരു സംഗീത വിരുന്നിലേക്ക് അവരെയും ക്ഷണിച്ചു. അവിടെ യേശുദാസിനും പ്രമുഖ ഗായകർക്കുമൊപ്പം വേദി പങ്കിട്ട തങ്കത്തിന് കോഴിക്കോട്ട് രണ്ടരസെന്റ് ഭൂമിയിൽ ഒരു വീട് വച്ചുകൊടുത്തത് അവരാണ്. മകൾക്കും മരുമകനുമൊപ്പം അവിടെയാണ് തങ്കത്തിന്റെ താമസം. മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര നൽകുന്ന പെൻഷൻ മാത്രമാണ് ആശ്വാസം. ഇപ്പോൾ ശാരീരികമായി നിരവധി പ്രശ്‌നങ്ങളുണ്ട്. ഇടതു കാൽമുട്ടിന് തേയ്മാനമുള്ളതിനാൽ ഒരു സർജറി വേണം. പക്ഷേ, സാമ്പത്തിക ബുദ്ധിമുട്ടു കാരണം പുറത്തിറങ്ങാനാവാത്ത അവസ്ഥയിൽ വീട്ടിൽത്തന്നെയാണ് ബാബുക്കയുടെ പ്രിയപാട്ടുകാരി തങ്കം. നമുക്ക് മറക്കാതിരിക്കാം.