jaljee
മേപ്പാടി നത്തംകുനിയിൽ ജലജീവൻ മിഷൻ പദ്ധതിക്കായി ഇറക്കിയ പൈപ്പുകൾ

മേപ്പാടി: എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ജെൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതി പൂർത്തിയായില്ല. ഡിസംബർ മാസത്തിനകം പദ്ധതി പൂർത്തീകരിച്ച് കമ്മിഷൻ ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ 50ശതമാനം പ്രവർത്തികൾ പോലും മേപ്പാടി പഞ്ചായത്തിൽ പൂർത്തിയാക്കിയിട്ടില്ല. ജൂൺ മാസത്തിൽ പ്രവർത്തികൾ നിർത്തിവച്ചതാണ്. പിന്നീട് പൈപ്പിടൽ ഉൾപ്പെടെ പുനരാരംഭിച്ചിട്ടില്ല. ജലക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളിൽ ഈ വേനൽക്കാലത്തും കുടിവെള്ളം എത്തിക്കാൻ കഴിയില്ലെന്ന് ഏതാണ്ട് ഉറപ്പായി. കാരാപ്പുഴയിൽ നിന്നുള്ള വെള്ളം മേപ്പാടി, മൂപ്പൈനാട്,വൈത്തിരി എന്നീ ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ വീടുകളിലും എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി വിവിധ സ്ഥലങ്ങളിൽ റോഡരികിൽ പൈപ്പുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ കാരാപ്പുഴയിൽ നിന്നും ഈ ഭാഗത്തേക്ക് വെള്ളം എത്തിക്കുന്നതിന് ഇതുവരെയും പൈപ്പിടൽ ആരംഭിച്ചിട്ട്‌പോലുമില്ല. കുടിവെള്ള പദ്ധതിക്കായി റോഡരികിൽ ഇറക്കിയിട്ട പൈപ്പുകൾ കാടു മൂടി നശിക്കുകയാണ്. ഒന്നരവർഷം മുൻപാണ് പദ്ധതി ആരംഭിച്ചത്. ഒരു വർഷത്തോളം മികച്ച രീതിയിൽ പദ്ധതി പുരോഗമിച്ചിരുന്നു. നേരത്തെ തന്നെ നമ്പാടിന്റെ സാമ്പത്തിക സഹായത്തോടെ കുടിവെള്ളം എത്തിക്കാൻ സമഗ്ര കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഈ പദ്ധതി പ്രകാരം നത്തംകുനിയിൽ കിണറും ടാങ്കും നിർമ്മിച്ചു. എന്നാൽ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാകാത്തതിനാൽ പദ്ധതി യാഥാർത്ഥ്യമാക്കാനായില്ല. ഇതിനിടയിൽ ഫണ്ട് ലാബ്സ് ആവുകയും ചെയ്തു. തുടർന്നാണ് ജെൽ ജീവൻ മിഷൻ പദ്ധതി പ്രകാരം കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കാൻ തീരുമാനിച്ചത്. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമംനേരിടുന്ന പ്രദേശങ്ങളിൽ ഒന്നാണ്‌ മേപ്പാടി. പതിറ്റാണ്ടുകൾക്കു മുൻപ് ആരംഭിച്ച എളമ്പലരി കുടിവെള്ള പദ്ധതിയാണ് നാട്ടുകാരുടെ ഏക ആശ്രയം. എന്നാൽ വേനൽ കനത്താൽ ഈ പദ്ധതിയിൽ നിന്നും ജലം ലഭിക്കില്ല. അതിനാൽ തന്നെ എത്രയുംവേഗം ജെൽ ജീവൻ മിഷൻ പ്രകാരമുള്ള കുടിവെള്ളം എത്തിക്കാൻ നടപടിവേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

മേപ്പാടി നത്തംകുനിയിൽ ജലജീവൻ മിഷൻ പദ്ധതിക്കായി ഇറക്കിയ പൈപ്പുകൾ