
കടലുണ്ടി: കടലും കരയും താണ്ടി പതിവു തെറ്റിക്കാതെ പനയമാട്ടിലേക്ക് ഇക്കുറിയും ദേശാടന പക്ഷികളെത്തി തുടങ്ങി. ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടിയെത്തുന്ന 135 ഓളം ഇനത്തിൽപ്പെട്ട ദേശാടന കിളികളാണ് വർഷവും ഇവിടെയെത്തുന്നത്. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം, വന്യജീവി വകുപ്പിന്റെയും കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിവർവ് മാനേജ്മെന്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പനയമാട് മേഖലയിലെ പക്ഷിസങ്കേതത്തിൽ നിരീക്ഷകൻ വിജേഷ് വള്ളിക്കുന്ന് കണ്ടെത്തിയ 20 ഇനം പക്ഷികളിൽ നാലിനം വിദേശ ദേശാടന പക്ഷികളായിരുന്നു. വിംബ്രൽ, കോമൺസാൻഡ്പൈപ്പർ, കെന്റിഷ് പ്ലോവർ, ലെസ്റ്റർ സാൻഡ് പ്ലോവർ എന്നിവയായിരുന്നു അവ.
സൈബീരിയ, യൂറോപ്പ് എന്നിവിടങ്ങളിൽ കാലാവസ്ഥ പ്രതികൂലമാകുമ്പോഴാണ് പക്ഷികൾ ഇങ്ങോട്ടേക്ക് യാത്ര തിരിക്കുന്നത്. ഇവിടെ ഉഷ്ണകാലമാകുമ്പോൾ സ്വദേശത്തേക്ക് മടങ്ങും. പാത്തകൊക്കൻ നാള, ചെങ്കണ്ണിതിത്തിരി തുടങ്ങി ഒട്ടേറെ ഇനത്തിൽപ്പെട്ട ആളകളും ഇവിടത്തെ സ്ഥിരം സന്ദർശകരാണ്. മാംസഭുക്ക് ഇനത്തിൽപ്പെട്ട വിദേശികളായ കടൽകാക്കകളുടെ പറുദീസയാണ് പനയമാട് തീരം. കമ്മ്യൂണിറ്റി റിസർവ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പി.ശിവദാസൻ, താമരശ്ശേരി ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഗ്രേഡ് കെ.ദിദീഷ്, ബീറ്റ് ഓഫീസർ എം.എസ്.പ്രസുധ, പി.എൻ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ സർവേയിൽ പങ്കെടുത്തിരുന്നു.