കോഴിക്കോട്: പോളിംഗ് സ്റ്റേഷൻ, ബൂത്ത് പുന:ക്രമീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് നടത്തിയ ചർച്ചയിൽ ധാരണയായി. പോളിംഗ് സ്റ്റേഷൻ, ബൂത്ത് എന്നിവയുടെ പുന:ക്രമീകരണം, ബൂത്ത് ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റൽ, ഒരേ കോമ്പൗണ്ടിൽ തന്നെയുള്ള മറ്റൊരു കെട്ടിടത്തിലേക്കുള്ള മാറ്റം, ബൂത്തിന്റെ പേരുമാറ്റം, വോട്ടർമാരുടെ പുന:ക്രമീകരണം, കുറവ് വോട്ടർമാരുള്ള ബൂത്തുകളുടെ ഏകീകരണം എന്നിവ യോഗം ചർച്ച ചെയ്തു.
നേരത്തെ ഇതു സംബന്ധിച്ച് വില്ലേജ് തലങ്ങളിൽ യോഗം ചേർന്നിരുന്നു. ജില്ലാതല ചർച്ചയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ ജില്ലാ ഭരണകൂടം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് അയക്കും. 1500 ൽ കൂടുതൽ വോട്ടർമാരുള്ള ബൂത്താണ് പുന:ക്രമീകരിച്ചു വിഭജിക്കുക. കുറവ് വോട്ടർമാരുള്ള രണ്ടു ബൂത്തുകൾ ചേർത്ത് ഒന്നാക്കും.
യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ (തെരഞ്ഞെടുപ്പ്) ഡോ. ശീതൾ ജി മോഹൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.ഗിരീഷ് (സി.പി.എം), പി.എം അബ്ദുറഹ്മാൻ (കോൺഗ്രസ്), പി.കെ നാസർ (സി.പി.ഐ), അഡ്വ. എ.വി അൻവർ (മുസ്ലിം ലീഗ്), കെ പി ബാബു (ആർ.എസ്.പി), ഷൗക്കത്ത് അലി ഏരോത്ത് (ആപ്) എന്നിവർ പങ്കെടുത്തു.