
കൊടിയത്തൂർ: റോഡിന് ഉയരം കൂട്ടിയതിനെത്തുടർന്ന് ചെറുവാടി അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് ആറ് ഫൂട്ട് ഉയരം കൂട്ടുന്നു. വെള്ളപ്പൊക്ക കാലത്തെ വാഹന ഗതാഗത തടസം നീക്കാനായാണ് റോഡ് രണ്ട് മീറ്ററോളം ഉയരത്തിൽ മണ്ണിട്ട് ഉയർത്തിയത്. എന്നാൽ ഇതോടെ അങ്ങാടിയിലെ 18 ഓളം കടകളും മറ്റ് മുറികളും റോഡിനെക്കാൾ താഴെയായി. കെട്ടിട ഉടമകളും കച്ചവടക്കാരും കഷ്ടപ്പാടിലായി. ഇരുവഴിഞ്ഞി- ചാലിയാർ പുഴകളുടെ സംഗമ തീരത്തെ ചെറുവാടി പ്രദേശത്ത് ജൂൺ, ജൂലായ് മാസങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുന്നതും ഗതാഗത തടസം നേരിടുന്നതും പതിവായിരുന്നു.
25 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം ജാക്കിവച്ച് ഉയർത്തുന്നത്. നാട്ടുകാരുടെ സമ്മർദ്ദത്തെത്തുടർന്നാണ് ചുള്ളിക്കാപറമ്പ്- ചെറുവാടി- കവിലട റോഡ് മണ്ണിട്ട് ഉയർത്തിയത്. ഓവുപാലങ്ങൾ പൊളിച്ചുമാറ്റിയാണ് ഇവിടെ പണി തീർത്തത്. മഴക്കാലത്ത് പലപ്പോഴും ബോട്ട് സർവീസ് വരെ ഏർപ്പെടുത്തിയിരുന്നു. റോഡുപണി പൂർത്തിയാകുന്നത്തോടെ ചെറുവാടി ടൗണിന്റെ മുഖഛായ മാറും.