sathi

ബേപ്പൂർ: ബി.സി റോഡിലെ ചീർപ്പ് പാലത്തിന് സമീപം ചാലിയാറിൽ സ്ഥിതി ചെയ്യുന്ന കോഴിത്തുരുത്ത് അപ്രതീക്ഷമാകുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ചാലിയാറിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ദ്വീപ് പോലുള്ള പ്രദേശമാണിവിടം. എന്നാൽ കോഴിത്തുരുത്തിന്റെ വടക്ക് ഭാഗത്തായി പശ്ചിമ മലനിരകളിൽ നിന്ന് ഒഴുകിയെത്തിയ മണൽ തിട്ടകൾ 100 ചതുരശ്ര മീറ്ററോളം രൂപപ്പെട്ടതിനാൽ ഈ ഭാഗത്തെ ചാലിയാറിന്റെ ഒഴുക്ക് പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. മൺതിട്ടകൾക്ക് മുകളിൽ നീളൻ പുല്ലുകളും സ്ഥാനം പിടിച്ചു. വേലിയേറ്റ സമയത്ത് കോഴിത്തുരുത്തിലേക്ക് വെള്ളം കയറി പ്രദേശം ഇല്ലാതാകുമോയെന്നാണ് ആശങ്ക.

നേരത്തെ ഉരുക്കളും മണൽ വഞ്ചികളും ചെറു ബോട്ടുകളും ഈ വഴിയാണ് കടന്നുപോയിരുന്നത്. എന്നാൽ മണൽതിട്ടകൾ രൂപപ്പെട്ട് ഒഴുക്ക് നിലച്ചതിനാൽ ചെറിയ തോണിക്ക് പോലും പോകാനാകാത്ത സ്ഥിതിയാണ്. ഈ ഭാഗങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വള്ളങ്ങളും ഒഴുക്ക് നഷ്ടപ്പെടുത്തി മണൽതിട്ടകൾ രൂപപ്പെടാൻ കാരണമായിട്ടുണ്ട്. 13 ഏക്കറാണ് കോഴിത്തുരുത്തിന്റെ വിസ്തൃതി. നിറയെ തെങ്ങും കവുങ്ങും മറ്റ് ഫല വൃക്ഷങ്ങളും സമൃദ്ധമായ തുരുത്തിൽ വിഷസർപ്പങ്ങളും നീർനായ്ക്കളും ഉണ്ടെന്നാണ് ഏക താമസക്കാരനായ മുറ്റോളി മോഹനനും കുടുംബവും പറയുന്നത്.

ടൂറിസത്തിന് സാദ്ധ്യത

നിരവധി ദേശാടന പക്ഷികളുടെ ഇടത്താവളമാണിവിടം. പൂതേരി തറവാടിന്റെ ഉടമസ്ഥതയിലാണ് ഈ ഭൂപ്രദേശം. ബേപ്പൂർ വാട്ടർ ഫെസ്റ്റിലൂടെ ടൂറിസം മേഖലയിൽ ബേപ്പൂർ ചരിത്രം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഈ തുരുത്ത് കൂടി സർക്കാർ ഏറ്റെടുത്ത് വിനോദ സഞ്ചാര കേന്ദ്രമാക്കിയാൽ ഏറെ പ്രയോജനം ചെയ്യുമെന്നാണ് നാട്ടുകാർ പറയുന്നത്.