 
കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാതെ കേന്ദ്രസർക്കാർ വയനാടിനെ അവഗണിക്കുകയാണെന്ന് രാജ്യസഭാംഗം വി. ശിവദാസൻ കുറ്റപ്പെടുത്തി. വയനാട് രാജ്യത്തിന്റെ ഭാഗമാണെന്ന കാര്യം പ്രധാനമന്ത്രി മറക്കരുത്. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം നടന്നശേഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങൾക്കെല്ലാം ധനസഹായം അനുവദിച്ചു കഴിഞ്ഞു. കേരളത്തോട് മാത്രമാണ് കേന്ദ്രസർക്കാറിന് അവഗണന എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൽപ്പറ്റയിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെയും കേരളത്തോട് കേന്ദ്രസർക്കാർ ഇത്തരത്തിലുള്ള വിവേചനം നടത്തിയിട്ടുണ്ട്. എന്നാൽ ദുരന്ത സമയത്ത് അത്തരം ഒരു സമീപനം ശരിയായ രീതിയല്ല. ദുരന്ത ഭൂമി പ്രധാനമന്ത്രി നേരിട്ട് സന്ദർശിച്ചിരുന്നു. പരിക്കേറ്റ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചും ഉറ്റവർ നഷ്ടപ്പെട്ട കുട്ടികളെ ലാളിച്ചും പ്രധാനമന്ത്രി കൂടെയുണ്ടെന്ന് സന്ദേശം നൽകി. എന്നാൽ ഇവരെയെല്ലാം അവഗണിക്കുന്നതിനെ തുല്യമാണ് ഇപ്പോഴത്തെ സമീപനം. സർവ്വകക്ഷി ജനപ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ പുനരുധിവാസ പ്രവർത്തനങ്ങൾക്ക് പണം ഒരു തടസ്സം ആകില്ലെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ദുരന്തം നടന്ന് രണ്ടുമാസം കഴിഞ്ഞിട്ടും ഒരു രൂപയുടെ സഹായവും കേരളത്തിന് നൽകിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസഹായം അനുവദിച്ചില്ലെങ്കിലും കേരളം പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കും. രണ്ടിടങ്ങളിലായി പുനരധിവാസ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വൈകാതെ ഭൂമി ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തികൾ തുടങ്ങും. ബഹുജന പങ്കാളിത്തത്തോടെ പദ്ധതി പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു അദ്ധ്യക്ഷനായി. എൽ.ഡി.എഫ് ജില്ലാ കൺവീനർ സി.കെ ശശീന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് ടി. ദേവരാജൻ, എൻ.സി.പി ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ, എൻ.സി.പി സംസ്ഥാന സെക്രട്ടറി സി.എം ശിവരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.
കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച സത്യാഗ്രഹ സമരം രാജ്യസഭാംഗം വി. ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു