പാലസ്തീനെ ഭൂപടത്തിൽ നിന്ന് തുടച്ച് നീക്കാൻ
ഇസ്രയേൽ ശ്രമം:എളമരം കരീം
കോഴിക്കോട്: പാലസ്തീനെ ഭൂപടത്തിൽ നിന്ന് തുടച്ച് നീക്കാനാണ് ഇസ്രയേലിന്റെ നീക്കമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. പൊരുതുന്ന പാലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇസ്രയേൽ തുടരുന്ന വംശഹത്യയിൽ പ്രതിഷേധിച്ചും എൽ.ഡി.എഫ് സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി മുതലക്കുളം മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കരീം. ഏതെല്ലാം വിധത്തിൽ മനുഷ്യരെ കൊല്ലാൻ കഴിയുമെന്നാണ് ഇസ്രയേൽ നോക്കുന്നത്. നെത്തന്യാഹു രണ്ടാം ഹിറ്റ്ലറാണ്. മാതൃരാജ്യത്ത് നിന്ന് ഒരു ജനതയെ ആട്ടിയോടിക്കാനാണ് അവർ ശ്രമിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ജൂതന്മാർ പാലസ്തീനിലെത്തിയപ്പോൾ അവർക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയത് പാലസ്തീൻകാരാണ്. അവരെയാണ് വംശീയതയുടെ പേരിൽ ആട്ടിയോടിക്കുന്നത്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കളിപ്പാവയാണ് പ്രധാനമന്ത്രി മോദിയെന്നും കരീം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ലതിക, സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ടി.വി ബാലൻ, ടി.പി ദാസൻ, എം.ഗിരീഷ്, ടി.വിശ്വനാഥൻ, പി.ഗവാസ് എന്നിവർ പ്രസംഗിച്ചു. കെ.ദാമോദരൻ സ്വാഗതം പറഞ്ഞു.