
കോഴിക്കോട്: ക്ഷീരമേഖലയുടെ ഉന്നമനത്തിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി കൈകോർത്ത് മലബാർ മിൽമ. ബ്ലോക്ക് തലങ്ങളിൽ സഹകരണ സമ്പർക്ക പരിപാടികൾ സംഘടിപ്പിച്ച് കർഷകക്ഷേമ പ്രവർത്തനം ഉറപ്പാക്കുകയും പാലുത്പാദനം വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം.
സഹകരണ സമ്പർക്ക പരിപാടിയുടെ മലബാർ മേഖലാതല ഉദ്ഘാടനം മിൽമ ചെയർമാൻ കെ.എസ്. മണി നിർവഹിച്ചു. മിൽമ ഭരണസമിതി അംഗം പി. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലവി അരിയിൽ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശൈലജ എന്നിവർ മുഖ്യാതിഥികളായി. ജനറൽ മാനേജർ എൻ.കെ. പ്രേംലാൽ വിഷയം അവതരിപ്പിച്ചു. മാനേജർ പി ആൻഡ് ഐ ഐ.എസ്. അനിൽകുമാർ, മിൽമ ഫെഡറേഷൻ ഭരണസമിതി അംഗം കെ.കെ. അനിത, മേഖലാ യൂണിയൻ ഭരണസമിതി അംഗം പി.ടി. ഗിരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ കെ.സി. ജെയിംസ് സ്വാഗതവും കോഴിക്കോട് പി ആൻഡ് ഐ യൂണിറ്റ് ഹെഡ് പി.പി. പ്രദീപൻ നന്ദിയും പറഞ്ഞു.
സഭാ ടിവി എക്സ്ക്ലൂസീവ്
ഉദ്ഘാടനംഇന്ന്
തിരുവനന്തപുരം: സഭാ ടിവിയുടെ പുതിയ ചാനലായ സഭാ ടിവി എക്സ്ക്ലൂസീവിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സ്പീക്കർ എ.എൻ ഷംസീർ അദ്ധ്യക്ഷത വഹിക്കും. കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ പുതിയതായി ആരംഭിക്കുന്ന അഡ്വാൻസ്ഡ് കോഴ്സായ പി.ജി ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ്, ബേസിക് സർട്ടിഫിക്കറ്റ് കോഴ്സിന്റെ പ്രഖ്യാപനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടത്തും.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം പറയും.
ഡോ. മേരി പുന്നൻ ലൂക്കോസിന്റെ നിയമസഭാ അംഗത്വത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സഭാ ടിവി നിർമ്മിച്ച മേരി പുന്നൻ ലൂക്കോസ്: ചരിത്രം പിറന്ന കൈകൾ എന്ന ഡോക്യുമെന്ററി വീഡിയോ, സ്ത്രീകളുടെയും ട്രാൻസ്ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതിയുടെ ചെയർപേഴ്സൺ യു. പ്രതിഭ എം.എൽ.എ പ്രകാശനം ചെയ്യും. തുടർന്ന് നിയമസഭാ സാമാജികർക്കായി ഡോക്യുമെന്ററി പ്രദർശിപ്പിക്കും.
എ.ഐ.ടി.യു.സി സെക്രട്ടേറിയറ്റ് മാർച്ച്
തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി പത്തിന് ലക്ഷം തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് മാർച്ച് നടത്താൻ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റ് മാർച്ചിന് മുന്നോടിയായി ഡിസംബർ 10 മുതൽ 17 വരെ രണ്ട് മേഖലാ ജാഥകളും നടത്തും. തെക്കൻ മേഖലാ ജാഥ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രനും വടക്കൻ മേഖലാ ജാഥ സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസും നയിക്കും.
എ.കെ.എ.ഇ.യു സംസ്ഥാന നേതൃയോഗം 13ന്
തിരുവനന്തപുരം: ഓൾ കേരള ഓട്ടോ മൊബൈൽ എംപ്ളോയീസ് യൂണിയന്റെ (എ.കെ.എ.ഇ.യു) സംസ്ഥാന നേതൃയോഗം 13ന് രാവിലെ 10.30ന് അടൂർ എസ്.എൻ.ഡി.പി മന്ദിര ഹാളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പാളയം ബാബു അദ്ധ്യക്ഷത വഹിക്കും. അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് ഐ.ഡി കാർഡ് വിതരണം ചെയ്യും. വൈസ് പ്രസിഡന്റ് പി.കെ.റെജി മുഖ്യപ്രഭാഷണം നടത്തും. പാളയം ബാബു, എസ്. ജയകുമാർ, കെ. വിജയൻ, വഴുതയ്ക്കാട് ശിവൻകുട്ടി, ടി.എസ്. രഞ്ജിത്ത്, ചന്ദ്രൻ, വിനോദ്, ജി. മധു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.