സുൽത്താൻ ബത്തേരി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്ത കനത്തമഴയിൽ കല്ലൂർ നൂൽപ്പുഴ തേക്കുംപറ്റ ഭാഗങ്ങളിൽ വെള്ളം കയറി നിരവധി പേരുടെ നെൽകൃഷിയാണ് നശിച്ചത്. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശത്തെ നെൽവയലുകളിലാണ് മലവെള്ളമൊഴുകിയെത്തി കൃഷി നശിച്ചത്. കതിര് ഇടാൻ പാകമായി നിൽക്കുന്ന നെൽപാടങ്ങളിലേയ്ക്ക് വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ ചളിയും മണ്ണുമാണ് നെൽകൃഷി നശിക്കാൻ ഇടയാക്കിയത്. കല്ലൂർ തേക്കുംപറ്റയിലെ രാധാകൃഷ്ണന്റെ അര ഏക്കർ നെൽ കൃഷിയാണ് കഴിഞ്ഞദിവസം ഉണ്ടായ മലവെള്ളപ്പാച്ചിലിൽ കൈത്തോട് തകർന്ന് നശിച്ചത്. വനത്തിനോട് ചേർന്നൊഴുകുന്ന കൈത്തോടിന്റെ വശങ്ങൾ കാടുവെട്ടി ചെളികോരി മാറ്റി നവീകരിക്കാത്തതാണ് വശങ്ങൾ തകർന്ന് വെള്ളം കൃഷിയിടത്തിലേക്ക് ഒഴുകി കൃഷി നശിക്കാൻ കാരണമെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വനത്തിൽ നിന്നുള്ള മലവെള്ളം ശക്തമായി ഒഴുകിയെത്തിയാണ് സമീപത്തെ രാജീവ് ഗാന്ധി റെസിഡൻഷ്യൽ സ്‌കൂളിന്റെ ഗേൾസ് ഹോസ്റ്റലിലെ മതിൽ തകർത്തത്. വനമേഖലയിൽ നിന്ന് ഒഴുകിയെത്തിയ വെള്ളത്തിന് സുഗമമായി ഒഴുകി പോകാൻ സാധിക്കാതെ വന്നതോടെയാണ് ഹോസ്റ്റലിന്റെ മതിൽ തകർത്ത് ഹോസ്റ്റലിലേയ്ക്കും, വയലുകളിലേക്കും വെള്ളം കുത്തിയൊഴുകിയത്. കതിർ ചാടിയ നെൽകൃഷിയിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെ മണലും ചെളിയും കയറി നെൽകൃഷി അടിഞ്ഞു പോവുകയാണ് ഉണ്ടായത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കൈത്തോടിൽ അടിഞ്ഞ കാട് വെട്ടി വൃത്തിയാക്കാനോ ചെളി കോരി മാറ്റാനോ അധികൃതർ തയ്യാറാകാത്തതും വീതി കൂട്ടി കോൺക്രീറ്റ് ചെയ്യാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് കർഷകർ ആരോപിക്കുന്നത്. വനത്തിലെവിടെയെങ്കിലും മഴ പെയ്താലും വെള്ളം ഒഴുകിയെത്തുക കല്ലൂർ തേക്കും പറ്റ ഭാഗത്ത് കൂടെയാണ്. ഭൂ പ്രകൃതിയനുസരിച്ച് വയൽ ഭാഗത്തേയ്ക്ക് ചരിഞ്ഞു കിടക്കുന്ന പ്രദേശമാണിവിടം. അതുകൊണ്ട് തന്നെ വനത്തിലെവിടെ മഴപെയ്താലും വെള്ളം ഇവിടേയ്ക്ക് ഒഴുകിയെത്തും. കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലിൽ വയലുകളിലെ നെൽകൃഷി നശിച്ചതിന് പുറമെ, ഹോസ്റ്റലിന്റെ മതിൽ തകർത്ത് ഹോസ്റ്റലിന്റെ ഉളിലേയ്ക്കും വെള്ളം കയറിയിരുന്നു. കൂടാതെ സമീപത്തെ കോളനിയിലെ വീടുകളിലേക്കും വെള്ളം ഇരച്ചെത്തിയെങ്കിലും നാശനഷ്ടം ഒന്നും സംഭവിച്ചില്ല. വനത്തോട് ചേർന്ന് കിടക്കുന്ന വയലുകളിലേയ്ക്ക് വെള്ളം കുത്തനെ ഒഴുകിയെത്തുന്നത് നിയന്ത്രിക്കാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കിയാൽ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയും.
വെള്ളവും ചളിയും കയറി കിടക്കുന്ന രാധാകൃഷ്ണന്റെ നെൽവയൽ