img20241008

മുക്കം: കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിലെ പ്രധാന അങ്ങാടികളിലൊന്നായ അഗസ്ത്യൻമുഴി ഗതാഗത കുരുക്കിലമർന്ന് ശ്വാസം മുട്ടാൻ തുടങ്ങിയിട്ട് നാളേറെയായി. ബസുകളടക്കമുള്ള വാഹനങ്ങൾ അങ്ങാടി കടക്കാൻ കഷ്ടപ്പെടുകയാണ്. വ്യാപാരികളും ദുരിതത്തിലാണ്. കുരുക്കഴിക്കാൻ ഫലപ്രദമായ സംവിധാനമൊരുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

സബ്ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, കൃഷിഭവൻ എന്നിവയടങ്ങുന്ന മുക്കം മിനി സിവിൽസ്റ്റേഷനും അഗ്നിരക്ഷാ നിലയവും പ്രവർത്തിക്കുന്നത് ഈ അങ്ങാടിയുടെ മദ്ധ്യത്തിലാണ്. രണ്ടു സിനിമ തിയേറ്ററുകളും ക്ഷേത്രം, മസ്ജിദ്, സ്കൂൾ, പെട്രോൾ ബങ്ക് എന്നിവയും അങ്ങാടിയുടെ തൊട്ടടുത്തായാണ് പ്രവർത്തിക്കുന്നത്.

കൊമേഴ്സ്യൽ ബാങ്കുകളും സഹകരണ പ്രസ്ഥാനങ്ങളും ഉൾപ്പെടെ അഞ്ചോളം ധനകാര്യ സ്ഥാപനങ്ങളും സ്വകാര്യ ആശുപത്രി, അനുബന്ധ സ്ഥാപനങ്ങൾ കോൺവെന്റുകൾ എന്നിവയും അങ്ങാടിയോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. അടുത്തിടെ പ്രവർത്തനമാരംഭിച്ച ബീവറേജസ് കോർപ്പറേഷന്റെ വിദേശമദ്യ വിൽപ്പനശാലയും അങ്ങാടിയിൽ നിന്ന് വിളിപ്പാടകലെയാണ്.

ദൈനംദിന ആവശ്യങ്ങൾക്ക് ജനങ്ങളാശ്രയിക്കുന്ന സ്വകാര്യ വ്യാപാര സ്ഥാപനങ്ങളും എണ്ണമറ്റ വാഹന വർക്ക്ഷോപ്പുകളും കൂടി ചേരുന്നതോടെ അങ്ങാടി ബഹളമയമായി. ഈ സ്ഥാപനങ്ങളിലേക്കെത്തുന്ന പ്രദേശവാസികൾ ഉൾപ്പെടെയുള്ളവരും യാത്രക്കാരും ഗതാഗതകുരുക്കിൽ നട്ടം തിരിയുകയാണ്.

പ്രധാന ജംഗ്ഷൻ

നാല് പ്രധാന റോഡുകൾ വന്നുചേരുന്ന പഴയ അങ്ങാടിയാണിത്. നടുവിൽ ആൽത്തറയോട് കൂടിയ പഴയ ആൽമരവും ഇടുങ്ങിയ റോഡിനിരുവശങ്ങളിലും ഇടതൂർന്ന് കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നു. കോഴിക്കോട്- മാവൂർ, കൊയിലാണ്ടി- വയനാട്, അരീക്കോട്- മഞ്ചേരി, തിരുവമ്പാടി- കൂമ്പാറ- ആനക്കാംപൊയിൽ റോഡുകളാണ് അഗസ്ത്യൻമുഴിയിൽ സന്ധിക്കുന്നത്.