aniamal
വന്യജീവി വാരാഘോഷത്തിന് സമാപനം

കോഴിക്കോട്: ജില്ലയിൽ വന്യജീവി വാരാഘോഷം സമാപിച്ചു. സാമൂഹ്യ വനവത്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷന്റെ നേതൃത്വത്തിൽ വാരാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടന്നു. നടുവണ്ണൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ ഫോറസ്ട്രി ക്ലബും കോഴിക്കോട് സാമൂഹ്യ വനവത്കരണ വിഭാഗവും സംയുക്തമായി നടുവണ്ണൂർ ടൗണിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നഗരത്തിൽ ബോധവത്ക്കരണ സൈക്കിൾ റാലിയും സന്ദേശയാത്രയും ഫ്ളാഷ് മോബും നടത്തി. ചാലപ്പുറം ഗവ. അച്യുതൻ ഗോൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.പി.സി വിദ്യാർത്ഥികൾക്കായി ഏകദിന പ്രകൃതി പഠന ക്യാമ്പും വനയാത്രയും നടത്തി. പരപ്പിൽ എം എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വന്യജീവി ഫോട്ടോപ്രദർശനം സംഘടിപ്പിച്ചു.സമാപനത്തോടനുബന്ധിച്ച് ഉത്തരമേഖല സാമൂഹ്യവനവത്കരണ വിഭാഗം, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തിൽ മാത്തോട്ടം വനശ്രീ ഫോറസ്റ്റ് കോംപ്ലക്സ് മുതൽ കോഴിക്കോട് ബീച്ച് വരെ ബൈക്ക് റാലി നടത്തി. മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾ കോഴിക്കോട് ബീച്ചിൽ നടത്തിയ ഫ്ളാഷ് മോബ് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.