സുൽത്താൻ ബത്തേരി: കാട്ടാനയുടെയും കാട്ടുപന്നിയുടെയും ശല്യം കാരണം ഉറക്കം നഷ്ടപ്പെട്ട തേക്കുംപറ്റ നിവാസികൾക്ക് ഇപ്പോൾ പകൽ വാനരശല്യവും. ഇതോടെ രാപകൽ വ്യത്യാസമില്ലാതെ വന്യമൃഗ ശല്യംകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് മേഖലയിലെ ജനങ്ങൾ. കല്ലൂർ തേക്കുംപറ്റ വനമേഖലയിൽ നിന്ന് കൂട്ടമായി എത്തുന്ന വാനരന്മാർ പ്രദേശവാസികൾക്ക് തീരാ ദുരിതമാണ് വരുത്തിവെക്കുന്നത്. വീടുകളിൽ കയറി ഭക്ഷണ സാധനങ്ങൾ എടുക്കുകയും കണ്ണിൽ കണ്ടെതെല്ലാം എറിഞ്ഞുടച്ച് നശിപ്പിക്കുകയും ചെയ്തുവരുന്ന വാനരന്മാർ രാജീവ് ഗാന്ധി റസിഡൻഷ്യൽ സ്‌കൂളിന്റെ ലേഡീസ് ഹോസ്റ്റലിലെക്കും അക്രമം വ്യാപിപ്പിച്ചിരിക്കുകയാണ്. ഹോസ്റ്റലിൽ നിന്ന് ഭക്ഷണ സാധനങ്ങൾ എടുത്തുകൊണ്ടുപോകുന്നതിന് പുറമെ ഉണക്കാനിട്ടിരിക്കുന്ന കുട്ടികളുടെ വസ്ത്രങ്ങളുമെല്ലാം എടുത്തുകൊണ്ടുപോവുകയും ചെയ്യുന്നു. ഗേൾസ് ഹോസ്റ്റലിന്റെ മേൽകൂരയിൽ സ്ഥാപിച്ച സോളാർപാനലിന്റെ വയറുകൾ പൂർണ്ണമായി നശിപ്പിച്ചു. സമീപത്തെ കൃഷിയിടങ്ങളിൽ ഒന്നും വിളയിച്ചെടുക്കാനും കർഷകർക്ക് സാധിക്കുന്നില്ല. വാനരന്മാരുടെ ശല്യംകാരണം വീടുകളിൽ ആരുമില്ലാതെ പുറത്ത് പോകാനും സാധിക്കാത്ത അവസ്ഥയാണ്. ഭക്ഷണം പാചകം ചെയ്ത് വെച്ചാൽ അത് സുരക്ഷിതമായി പൂട്ടിവെച്ചില്ലെങ്കിൽ വാനരന്മാർ എടുത്ത് കൊണ്ടുപോയിട്ടുണ്ടാകും. ശല്യക്കാരായ വാനരന്മാരെ പിടികൂടി ഉൾവനത്തിൽ വിടണമെന്ന ആവശ്യമാണ് തെക്കുപറ്റ പ്രദേശത്തെ ജനങ്ങൾ ഉന്നയിക്കുന്നത്.
തേക്കുംപറ്റയിൽ വീടിന് മുകളിൽ നിലയുറപ്പിച്ച വാനരകൂട്ടം