കൽപ്പറ്റ: വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. മൂന്നു മാസത്തിനിടെ ലിറ്ററിന് നൂറു രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. 250 രൂപയാണ് ഇപ്പോഴത്തെ ശരാശരി വില. ഗ്രാമപ്രദേശങ്ങളിൽ ഇത് 260മുതൽ 270 രൂപ വരെയാണ്. ഈ അടുത്തകാലത്തൊന്നും ഇത്രയും വില കൂടിയിട്ടില്ലെന്ന് കച്ചവടക്കാർ പറയുന്നു. തേങ്ങയുടെ ഉത്പാദനക്കുറവാണ് വിലവർദ്ധ്നവിന് ഇടയാക്കിയത്.
തേങ്ങ വില വൻതോതിൽ വർദ്ധിച്ചതാണ് വെളിച്ചെണ്ണ വില ഉയരാൻ കാരണമായത്. തേങ്ങയ്ക്ക് 58 രൂപയാണ് ചില്ലറ വില്പന വില. വരുന്ന ദിവസങ്ങളിലും വില വർദ്ധിക്കും എന്നാണ് സൂചന. നാളികേര ഉത്പാദനക്കുറവ് രാജ്യത്താകെ അനുഭവപ്പെടുന്നുണ്ട്. ഈ അടുത്തകാലത്തൊന്നും ഇത്രയും ഉത്പാദനക്കുറവ് നേരിട്ടിട്ടില്ലെന്ന് കർഷകർ പറയുന്നു. അതിനാൽ തന്നെ വിലവർദ്ധനവ് തുടർന്നേക്കും. തേങ്ങ വില വർദ്ധിക്കുന്നത് കർഷകർക്ക് ആശ്വാസമാണ്. എന്നാൽ വയനാട്ടിൽ നാളികേര ഉത്പാദനം താരതമ്യേന കുറവാണ്. വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില ഇത്തരത്തിൽ ഉയരുന്നത് ഹോട്ടൽ ഉത്പ്പന്നങ്ങളുടെയും വില വർദ്ധിക്കാൻ ഇടയാക്കിയേക്കും. തേങ്ങ ഉത്പാദനം കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഏറ്റവും കുറഞ്ഞ അവസ്ഥയിലാണെന്ന് കച്ചവടക്കാർ പറയുന്നു.