
കുന്ദമംഗലം: മതിയായ സൗകര്യമുണ്ടായിരുന്നാൽ പോലും കുന്ദമംഗലം പഴയ ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസുകൾ കയറില്ല. മെഡിക്കൽ കോളേജ്, കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകളാണ് പഴയ സ്റ്റാൻഡിൽ കയറേണ്ടത്. സ്വകാര്യ ബസുകൾ മിക്കതും സ്റ്റാൻഡിൽ കയറുമെങ്കിലും കെ.എസ്.ആർ.ടി.സി ബസുകൾക്ക് ആ പതിവില്ല. ദേശീയപാതയിലാണ് നിലവിൽ ബസുകൾ നിറുത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്.
എന്തെങ്കിലും അപകടങ്ങളുണ്ടാകുമ്പോൾ പൊലീസെത്തി എല്ലാ ബസുകളെയും സ്റ്റാൻഡിൽ കയറ്റിവിടും. എന്നാൽ അടുത്തദിവസം മുതൽ വീണ്ടും പഴയപടിയാവും. പഴയബസ് സ്റ്റാൻഡിനും പുതിയ ബസ് സ്റ്റാൻഡിനും ഇടയിലുള്ള ചെറിയ ഇറക്കത്തിലാണ് സീബ്രാലൈൻ വരച്ചിട്ടുള്ളത്. ബസ് സ്റ്റാൻഡിനു മുമ്പിലെ കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ രാവിലെയും വൈകിട്ടും റോഡ് മുറിച്ചുകടക്കുന്നതും ഈ ഭാഗത്ത് നിന്നാണ്.
കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റാൻഡിൽ കയറാത്തതിനാൽ ഇവിടെ വാഹനാപകടങ്ങളും പതിവാണ്. കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകൾ ദേശീയ പാതയിൽ തോന്നുന്ന സ്ഥലത്താണ് നിറുത്തുന്നത്. മുക്കം, വയനാട്, മാവൂർ ഭാഗത്തേക്കുള്ള ബസുകളാണ് പുതിയ സ്റ്റാൻഡിൽ കയറേണ്ടത്.
രാത്രിയായാൽ ദുരിതം ഇരട്ടിക്കും
രാത്രി ഏഴ് കഴിഞ്ഞാൽ ഒരു ബസും സ്റ്റാൻഡിൽ കയറാറില്ല. ഊട്ടി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് രാത്രികാലങ്ങളിൽ കുന്ദമംഗലത്തെത്തുന്ന ദീർഘദൂരബസുകൾക്ക് ഇപ്പോഴും അങ്ങാടിയിൽ നിശ്ചിത സ്റ്റോപ്പില്ല. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്ന രക്ഷിതാക്കൾ രാത്രിയിൽ അങ്ങാടിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടിയാണ് സ്റ്റോപ്പ് കണ്ടെത്തുന്നത്.
കുന്ദമംഗലത്ത് ശാസ്ത്രീയമായതും കുറ്റമറ്റതുമായ ട്രാഫിക് പരിഷ്കരണം അനിവാര്യമാണ്. വാഹന ബാഹുല്യം കണക്കിലെടുത്ത് നിലവിലുള്ള ബസ് സ്റ്റാൻഡ് വിപുലീകരിക്കണം. പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കണം.
- യു.സി.രാമൻ,
മുൻ എം.എൽ.എ
ബസ് സ്റ്റാൻഡ് സൗകര്യമുള്ള സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കണം. അന്തർസംസ്ഥാന ബസുകൾക്ക് കുന്ദമംഗലം അങ്ങാടിയിൽ നിശ്ചിത സ്റ്റോപ്പ് അനുവദിക്കണം. തെളിയാതെ നിൽക്കുന്ന സീബ്രാലൈനുകൾ മാറ്റി വരയ്ക്കണം.
- കെ.പി.വസന്തരാജ്,
കുന്ദമംഗലം ഡെവലപ്പ്മെന്റ് കമ്മിറ്റി