
വടകര: ദേശീയപാത വികസനത്തെത്തുടർന്നുള്ള യാത്രാദുരിതം തീരുന്നില്ല. പ്രവൃത്തികൾക്കൊപ്പം ഇതിനോട് ചേർന്നുള്ള സർവീസ് റോഡിലെ കുണ്ടും കുഴിയുമാണ് യാത്രക്കാർക്ക് ഇരട്ട പ്രഹരമാകുന്നത്. ഗതാഗതം നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർ ഇല്ലാത്തത് പ്രശ്നം സങ്കീർണ്ണമാക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി പോകുന്ന വാഹന യാത്രക്കാർ വെയിലത്തും മഴയത്തും മണിക്കൂറുകളോളം റോഡിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. നാട്ടുകാരും ഡ്രൈവർമാരും തമ്മിലുള്ള വാക് വാദങ്ങളും പതിവായിരിക്കുകയാണ്. വടകര പെരുവാട്ടും താഴ ഭാഗത്ത് നിന്ന് തുടങ്ങുന്ന വാഹനങ്ങളുടെ നിര തെക്ക് സി.എം ആശുപത്രിക്കും കിഴക്ക് ആശാ ആശുപത്രിക്കും അപ്പുറത്തേക്ക് നീളും. കൈനാട്ടി വരെ റോഡിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ സ്ഥലമില്ലാതെ ഒരുവശത്തേക്ക് വാഹനങ്ങൾ ഞെരുങ്ങി നീങ്ങുന്ന കാഴ്ചയാണ്.