സുൽത്താൻ ബത്തേരി: കർണാടകയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന ബൈരകുപ്പ പാലം നിർമിക്കാൻ കേരളസർക്കാരിൽ നിന്ന് നിർദേശം വാങ്ങാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചതായി സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ അറിയിച്ചു. പ്രശ്നത്തിൽ രാഹുൽ ഗാന്ധിയുടെ ഇടപെടലിനെ തുടർന്നായിരുന്നു നിർദേശം.

പാലം നിർമാണം സംബന്ധിച്ച് ചർച്ച ചെയ്യാൻ അദ്ദേഹം കൃഷ്ണയിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കബനി നദിയുടെ ഇടത് കരയിലാണ് ബൈരണകുപ്പ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ ഭാഗമായ പെരിക്കല്ലൂർ ഗ്രാമം വലത് കരയിലാണ്. ഈ രണ്ട് ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നതിന് കബനി നദിക്ക് കുറുകെ പാലം നിർമിക്കണമെന്ന് ഗ്രാമവാസികൾ അപേക്ഷ നൽകിയിരുന്നു. ബൈരണകുപ്പയിൽ ഏകദേശം പതിനായിരത്തോളം ജനസംഖ്യയുണ്ട്, പെരിക്കല്ലൂരിൽ ഏകദേശം 28,000 നിവാസികളുണ്ട്. നിലവിൽ പ്രതിദിനം 3000 ആളുകളും 200ലധികം വിദ്യാർത്ഥികളും തോണിയിൽ നദി മുറിച്ചുകടക്കുന്നു. റോഡ് മാർഗം യാത്ര ചെയ്താൽ 21 കിലോമീറ്റർ സഞ്ചരിക്കണം. മഴക്കാലത്ത് കബനി കരകവിഞ്ഞൊഴുകുതോടെ നദി മുറിച്ചുകടക്കുന്നത് ദുഷ്‌കരമായതിനാൽ സ്ഥിരം പാലം നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. 160 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലം ബന്ധിപ്പിക്കൽ റോഡുകൾ, സ്ഥലമെടുപ്പ് എന്നിവയ്‌ക്കൊപ്പം 32 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും കെ.സി വേണുഗോപാൽ എം.പിയുടെ നിർദ്ദേശത്തെ തുടർന്ന് സുൽത്താൻ ബത്തേരി എം.എൽ.എ ഐസി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ അനിൽ ചിക്കമാതു എം.എൽ.എ, ഗണേശ ഗ്രാസാദ് എം.എൽ.എ എന്നിവർ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും കൽപ്പറ്റ എം.എൽ.എ ടി. സിദ്ധിക്കിന്റെയും കത്തുകളും നിവേദനത്തിനൊപ്പം കൈമാറിയിരുന്നു.