മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മുണ്ടക്കൈ പോസ്റ്റ് ഓഫീസിൽ നിന്നും മടക്കി അയക്കുന്നത് നൂറുകണക്കിന് കത്തുകളാണ്. മേൽവിലാസക്കാർ ജീവിച്ചിരിപ്പില്ലാത്തതിനാൽ തന്നെ കത്തുകളും മാസികകളും എല്ലാം മേൽവിലാസക്കാരുടെ കൈകളിലെത്താതെ മടക്കി അയക്കേണ്ട സ്ഥിതിയാണ്. മുണ്ടക്കൈ അങ്ങാടിയിലായിരുന്നു പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഉരുൾപൊട്ടൽ ദുരന്തം മുണ്ടക്കൈ ഗ്രാമത്തെ ആകെ തുടച്ചുനീക്കിയപ്പോൾ അതിനിടയിൽ പോസ്റ്റ് ഓഫീസും ഉൾപ്പെട്ടിരുന്നു. കെട്ടിടം പൂർണ്ണമായും അപ്രത്യക്ഷമായി. നൂറുകണക്കിന് ആളുകളും ദുരന്തത്തിനിരയായതോടെ പോസ്റ്റ് ഓഫീസ് മേപ്പാടിയിലേക്ക് മാറ്റി. ഇപ്പോൾ മേപ്പാടി കെ.ബി റോഡിലാണ് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. ഓരോ ദിവസവും കുറഞ്ഞത് 100 കത്തുകളെങ്കിലും തിരിച്ചയക്കേണ്ട സ്ഥിതിയാണെന്ന് പോസ്റ്റ് മാൻ വേലായുധൻ പറയുന്നു. ഓരോ കത്തുകളും കയ്യിൽ കിട്ടുമ്പോൾ മനസ്സ് പതറുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി മുണ്ടക്കൈയിലെ ഓരോ വീടുകളും കയറിയിറങ്ങുന്നുണ്ട്. ഓരോ മേൽവിലാസക്കാരെയും കുടുംബാംഗങ്ങളെ പോലെ പരിചയമുണ്ട്. അവർക്ക് കത്തുകൾ കൊടുക്കുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന സന്തോഷമാണ് ഇപ്പോഴും ഓർമ്മയിൽ ഉള്ളത്. ഇപ്പോൾ കത്തുകൾ തിരിച്ചയക്കേണ്ടി വരുമ്പോൾ വലിയ സങ്കടമുണ്ടെന്നും വേലായുധൻ പറയുന്നു.
മേപ്പാടി കെ.ബി റോഡിലേക്ക് മാറിയ മുണ്ടക്കൈ പോസ്റ്റ് ഓഫീസിൽ നിന്നും ഇറങ്ങിവരുന്ന പോസ്റ്റ് മാൻ വേലായുധൻ