കോഴിക്കോട്:മാലിന്യമുക്തം നവകേരളമാകാൻ നാടാകെ കൈകോർക്കുമ്പോൾ മാലിന്യനഗരമാക്കാൻ ഓടിനടക്കുകയാണ് കോർപ്പറേഷൻ. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ശേഖരിക്കുന്ന മാലിന്യം എവിടെയും കൂട്ടിയിടുന്ന സ്ഥിതിയാണ്. ആളുകൂടുന്ന ഇടം പ്രധാനമായും തെരഞ്ഞെടുക്കുന്നു എന്നതാണ് വിചിത്രം. നേരത്തെ മാനാഞ്ചിറ അൻസാരി പാർക്കിൽ കൂട്ടിയിട്ട മാലിന്യം'കേരളകൗമുദി' ഉൾപ്പെടെ വാർത്തയാക്കിയപ്പോഴാണ് ഒളിച്ചുകടത്തിയത്. ഇപ്പോഴിതാ കോഴിക്കോട് ബീച്ചും പരിസരവുമാണ് മാലിന്യ ശേഖരണ കേന്ദ്രമാക്കിയിരിക്കുന്നത്. ദിവസവും ആയിരങ്ങൾ എത്തുന്ന കോഴിക്കോട്ടെ പ്രധാന ടൂറിസം കേന്ദ്രമായ ബീച്ചിൽ പലയിടത്തും മാലിന്യം കൂട്ടിയിട്ടതിനാൽ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്. കോർപ്പറേഷൻ ഓഫീസിന് മുന്നിലാണ് പുതിയ മാലിന്യ സംഭരണ കേന്ദ്രമെന്നതാണ് കൗതുകം. ബീച്ചിൽ വെൻഡിംഗ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് പദ്ധതിയ്ക്കായി പണി നടക്കുന്നതിനടുത്ത് ഫുട്പാത്തിനോട് ചേർന്നാണ് മൂന്ന് ഇടങ്ങളിലായി മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും ചാക്കുകളിലാക്കി കൂട്ടിയിട്ടിരിക്കുകയാണ്. ഭക്ഷണാവശിഷ്ടം ഉള്ളതിനാൽ തെരുവുനായ ശല്യം രൂക്ഷമാണ്. മൂന്നുദിവസത്തിലധികമായി കൂട്ടിയിട്ടിട്ട മാലിന്യം മഴ പെയ്തതോടെ നനഞ്ഞ് അഴുകി പരക്കുകയാണ്. കെട്ടിടം പണി നടക്കുന്നതിനാൽ ഈ ഭാഗത്തെ ഉന്തുവണ്ടികളെല്ലാം ബീച്ചിനടുത്തേക്ക് മാറ്റിയിരുന്നു. ഇവിടെയുള്ള മാലിന്യമാണ് ചാക്കുകളിൽ കൂട്ടിയിരിക്കുന്നുതെന്നാണ് പ്രദേശത്തുള്ളവർ പറയുന്നത്. പനിയും അനുബന്ധ രോഗങ്ങളും നഗരത്തിൽ പടരുന്ന സാഹചര്യത്തിലാണ് ഈ ദുരവസ്ഥ. മാറ്റിയ കടകൾക്ക് സമീപം ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതും പതിവായിട്ടുണ്ട്.
" മാലിന്യം ഉടൻ മാറ്റും. ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. രാവിലെയും വൈകിട്ടും മാലിന്യം മാറ്റാറുണ്ട്. ഡി.ടി.പി.സിയുടെ നേതൃത്വത്തിലും വൃത്തിയാക്കുന്നത്.
എസ്. ജയശ്രീ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ