കോഴിക്കോട്: സീബ്രാലൈനുകൾ മാഞ്ഞു തുടങ്ങിയതിനാൽ നഗരത്തിൽ റോഡ് മുറിച്ചുകടക്കാൻ ജനം അഭ്യാസങ്ങൾ പഠിക്കേണ്ട അവസ്ഥയാണ്. സീബ്രാലൈൻ ഉണ്ടെങ്കിലും പലയിടത്തും മാഞ്ഞുതുടങ്ങി. ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ ഏറെ ബുദ്ധിമുട്ടി റോഡ് മുറിച്ചുകടക്കേണ്ട സ്ഥിതിയിലാണ് യാത്രക്കാർ. നഗരത്തിൽ ഏറ്റവും തിരക്കേറിയ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിന് മുന്നിൽ പോലും ജീവൻ പണയം വച്ചാണ് ജനം റോഡ് മുറിച്ചുകടക്കുന്നത്. നടക്കാവ്, പാളയം, പൊറ്റമ്മൽ, കോട്ടൂളി, മുതലക്കുളം, ടൗൺ ഹാളിന് മുൻവശം, മോഡൽ സ്കൂളിന് മുൻവശം എന്നിവിടങ്ങളിലും സമാന സ്ഥിതിയാണ്.
തിരക്കേറിയ പാളയം മാർക്കറ്റിൽ ഒരിടത്ത് മാത്രമാണ് സീബ്രാലൈൻ ഉള്ളത്. അത് പൂർണമായി മാഞ്ഞ നിലയിലാണ്. സ്ത്രീകളും വിദ്യാർത്ഥികളുമാണ് ഏറ്റവും ദുരിതമനുഭവിക്കുന്നത്. പ്രശ്നത്തിൽ പൊതുമരാമത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.
റോഡ് മുറിച്ചുകടക്കാൻ റോഡിലേക്ക് പ്രവേശിക്കുന്നവർ അമിത വേഗത്തിൽ പാഞ്ഞെത്തുന്ന വാഹനങ്ങളെ ഭയന്ന് തിരികെ ഓടേണ്ട അവസ്ഥയാണ്. ഇത് അപകടങ്ങൾക്കും കാരണമാകും. റോഡിൽ ഇത്തരത്തിലുള്ള മാർക്കിംഗ് കൃത്യമായി നടത്താൻ അധികൃതർ ശ്രദ്ധിക്കാറില്ല. നഗരത്തിന് പുറത്ത് ദേശീയപാതയിലും സംസ്ഥാനപാതയിലും സീബ്രാലൈനുകൾ പലയിടത്തും മാഞ്ഞുകിടക്കുകയാണ്. അടയാളം പോലും കണ്ടുപിടിക്കാനാവാത്ത അവസ്ഥയുമുണ്ട്.
കണ്ണുതുറക്കാതെ അധികൃതർ
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് പരാതി. ബീച്ച് ആശുപത്രിക്ക് മുൻവശം, മിഠായിത്തെരുവ് തുടങ്ങി നഗരത്തിൽ വിവിധയിടങ്ങളിൽ ഉൾപ്പെടെ സീബ്രാലൈൻ അനിവാര്യമായ ഒട്ടേറെ ഇടങ്ങളുണ്ടെന്നും ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
വേഗത കുറയ്ക്കുന്നില്ല
സീബ്രാലൈനുകൾ ഉള്ളിടത്ത് റോഡരികിൽ സിഗ്നൽ ലൈറ്റുണ്ട്. പച്ചവെളിച്ചം കത്തുമ്പോൾ റോഡ് മുറിച്ച് കടക്കാമെന്നാണ് നിയമം. ആ സമയം വാഹനം നിറുത്തികൊടുക്കണം. എന്നാൽ സീബ്രാലൈനിന് സമീപം വേഗത കുറച്ച് ശ്രദ്ധ പുലർത്തുന്ന ഡ്രൈവർമാർ കുറവാണെന്ന് യാത്രക്കാർ പറയുന്നു. പരിചയമില്ലാത്ത ഡ്രൈവർമാർക്ക് സീബ്രാലൈൻ കാണാതെ പോകുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്.
സീബ്രാലെെനിൽ പോലും വാഹനങ്ങൾ ചീറിപ്പാഞ്ഞാണ് വരുന്നത്. ആളുകൾ നിൽക്കുന്നത് കണ്ടാലും വേഗത കുറയ്ക്കില്ല. പിന്നെ എങ്ങനെയാണ് റോഡ് മുറിച്ച് കടക്കുക. പലപ്പോഴും മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ്.
- ശാന്ത, യാത്രക്കാരി