s

പേരാമ്പ്ര: കക്കയം- മുതുകാട് പാത യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. നേരത്തെ ടൂറിസ്റ്റ് റോഡായി പ്രഖ്യാപിച്ച പാതയെ അവഗണിക്കുകയാണെന്നും മൂന്ന് കിലോമീറ്ററിലെ പ്രവൃത്തികൾ കൂടെ നടത്തിയാൽ പാത യാഥാർത്ഥ്യമാകുമെന്നും പ്രദേശവാസികൾ പറയുന്നു. വിനോദ സഞ്ചാര മേഖലകളായ കക്കയം, പെരുവണ്ണാമൂഴി മേഖലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ഈ റോഡ് പ്രദേശവാസികളുടെ ചിരകാല അഭിലാഷമാണ്.

പെരുവണ്ണാമൂഴി, തോണിക്കടവ്, കരിയാത്തുംപാറ, കക്കയം, വയലട മേഖലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കാൻ ഈ വഴി സഹായിക്കും. ഇത് ജില്ലയിലെ ടൂറിസം രംഗത്തിന് കുതിപ്പേകും. മാത്രമല്ല അപകട സാദ്ധ്യതയേറിയ മേഖലകളിൽ ഫയർഫോഴ്‌സ്, സൈന്യം തുടങ്ങിയവർക്ക് പേരാമ്പ്രയിൽ നിന്ന് വേഗത്തിൽ കക്കയത്ത് എത്തിച്ചേരാൻ ഇതുവഴി കഴിയുമെന്നും പാതയ്ക്ക് അർഹമായ പരിഗണന നൽകണമെന്നുമാണ് മലയോരത്തിന്റെ പ്രധാന ആവശ്യം. പ്രകൃതി സുന്ദരമായ കക്കയം മലനിരകളുടെയും താഴ് വാരങ്ങളുടെയും ടൂറിസം സാദ്ധ്യതകൾക്ക് മാറ്റ് വർദ്ധിപ്പിക്കുന്ന റോഡ് നിലവിൽ വരുന്നതോടെ ഗതാഗത വികസനത്തിനും വലിയ പ്രയോജനമാകും.

മലയോരത്തിന്റെ ടൂറിസം വികസനത്തിനും ഗതാഗത സൗകര്യത്തിനും പ്രധാന മാർഗമാക്കുന്ന കക്കയം- മുതുകാട് റോഡ് ഉടൻ യാഥാർത്ഥ്യമാക്കണം.

-ജോൺസൺ കക്കയം,

പൊതുപ്രവർത്തകൻ