ksrtc

കോഴിക്കോട്: സർവീസുകൾ വെട്ടിക്കുറച്ചും ആവശ്യത്തിന് ബസുകൾ ഓട്ടാതെയും കെ.എസ്.ആർ.ടി.സി തുടരുന്ന ജനദ്രോഹ യാത്രയിൽ ശ്വാസംമുട്ടി യാത്രക്കാർ. വാരാന്ത്യങ്ങളിലും ഉത്സവ സീസണിലും കെ.എസ്.ആർ.ടി.സി

അധിക സർവീസുകൾ അനുവദിക്കുന്നതിൽ കാട്ടുന്ന പിശുക്കാണ് യാത്രക്കാരെ വലയ്ക്കുന്നത്. നവരാത്രി ആഘോഷത്തിനായി സർക്കാർ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് എത്താൻ കെ.എസ്.ആർ.ടിസി സ്റ്റാൻഡിൽ ജനപ്രവാഹമായിരുന്നു. ബുക്കിംഗില്ലാതെ പെട്ടെന്ന് ദീർഘദൂരം പോകേണ്ടിയിരുന്ന യാത്രക്കാരിൽ പലരും സീറ്റില്ലാതെ ബുദ്ധി മുട്ടി. തിരക്ക് കണക്കിലെടുത്ത് ആവശ്യത്തിന് ബസുകൾ ഇടാത്തത് യാത്രക്കാരെ ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. പലരും മണിക്കൂറുകളാണ് ബസിനായി കാത്ത് വലഞ്ഞത്. ഉള്ള ബസുകളിലാവട്ടെ കാലുകുത്താൻ ഇടമില്ലാത്ത സ്ഥിതിയായിരുന്നു. രാത്രി 12 മണി കഴിഞ്ഞും സ്റ്റാൻഡിൽ തിരക്കിന് കുറവുണ്ടായിരുന്നില്ല. ഇരിക്കാൻ സ്ഥലമില്ലാതായതോടെ പലരും നിലത്തിരിക്കുന്ന കാഴ്ചയായിരുന്നു. ബസ് കാത്തിരുന്ന് മടുത്ത യാത്രക്കാരും ടിക്കറ്ര് കൗണ്ടറിലുള്ളവരും തമ്മിൽ വാക്കേറ്രവുമുണ്ടായി. തിരുവനന്തപുരം, ബംഗളൂരു, തൃശൂർ, വയനാട് എന്നിവിടങ്ങളിലേക്ക് പോകേണ്ടവരായിരുന്നു അധികവും. ദസറ, നവരാത്രി അവധി തിരക്കിനു മുന്നോടിയായുള്ള ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചതോടെ പതിവ് സർവീസുകളിലെ ടിക്കറ്റുകൾ ഭൂരിഭാഗവും നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു. അധികം അനുവദിച്ച സ്പെഷ്യൽ സർവീസ് ടിക്കറ്റുകളും നേരത്തെ കാലിയായി. ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാത്തതിനാൽ പലരും കെ.എസ്.ആർ.ടി.സി ബസുകളെയാണ് ആശ്രയിച്ചിരുന്നത്.

 തീവെട്ടിക്കൊള്ള

തിരക്കിനനുസരിച്ച് ആവശ്യത്തിന് കെ.എസ്.ആർ.ടി.സി ബസുകൾ ഇല്ലാത്തതിനാലും സ്പെഷ്യൽ സർവീസ് ടിക്കറ്റുകൾ നേരത്തെ വിറ്റഴിഞ്ഞതിനാലും ആളുകൾ നാട്ടിലേക്ക് വരാനായി അന്തർ സംസ്ഥാന ബസുകളെയാണ് ആശ്രയിച്ചത്. ഈ അവസരം മുതലാക്കി അന്തർ സംസ്ഥാന ബസുകൾ യാത്രക്കാരെ കൊള്ളയടിക്കുകയാണ്. സ്വകാര്യ ബസുകൾ നാട്ടിലേക്കുളള യാത്രാ നിരക്ക് ഇരട്ടിയാക്കി ഉയർത്തി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, പാലക്കാട്റൂട്ടുകളിലേക്ക് ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാണ് വർധിപ്പിച്ചത്. തിരിച്ചും അങ്ങനെ തന്നെ. 1200-1500 രൂപയുണ്ടായിരുന്ന ബംഗളൂരു-തിരുവനന്തപുരം എ.സി സ്ലീപ്പറിന് 2000-2500 രൂപ വരെ വർദ്ധിപ്പിച്ചത്. എ.സി സെമി സ്ലീപ്പറിന്റെ നിരക്കും 2500 രൂപ വരെയും ഉയർത്തിയിട്ടുണ്ട്.

 ട്രെയിനുമില്ല

യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ട്രെയിനുകളിൽ പൂജ ദിവസങ്ങളിലെ മുഴുവൻ ടിക്കറ്റുകളും തീർന്നിട്ടും സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്താതെ യാത്രക്കാരെ വലച്ചതും കെ.എസ്.ആർ.ടി,സിയിൽ ആളുകൾ കൂടുതലെത്താൻ കാരണമായി. ഓണക്കാലത്തും തലേദിവസം മാത്രം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത് യാത്രക്കാരെ വലച്ചിരുന്നു, ഈ അവസ്ഥ തന്നെ പൂജ അവധിക്കും നേരിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് യാത്രക്കാർ.