കൽപ്പറ്റ: കാരുണ്യകേരളം എന്ന മുദ്രാവാക്യവുമായി ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് ആൽഫ പാലിയേറ്റീവ് കെയറിന്റെയും സ്റ്റുഡന്റ്സ് അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയറിന്റേയും (എസ്.എ.പി.സി) ആഭിമുഖ്യത്തിൽ തിരുവനന്തപുരം മുതൽ വയനാട് വരെ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന വാക്കത്തോൺ കൽപ്പറ്റയിൽ സമാപിച്ചു. വിവിധ ജില്ലകളിലെ കൂട്ടനടത്തങ്ങൾക്കുശേഷമായിരുന്നു കൽപ്പറ്റയിലെ സമാപനം. ഒപ്പം വയനാടിനായുള്ള ആൽഫ പാലിയേറ്റീവ് കെയർ കേന്ദ്രം കൽപ്പറ്റയിൽ പ്രവർത്തനമാരംഭിച്ചു.
കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിൽ നൂറുകണക്കിന് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ കൽപ്പറ്റ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി. ബിജുരാജ് വാക്കത്തോൺ ഫ്ളാഗ് ഓഫ് ചെയ്തു. ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം.നൂർദീൻ അദ്ധ്യക്ഷനായി. ആൽഫ കൽപ്പറ്റ സെന്റർ സെക്രട്ടറി വി. വിജേഷ് സ്വാഗതം പറഞ്ഞു. കൽപ്പറ്റ നഗരം ചുറ്റി ഹോട്ടൽ ഇന്ദ്രിയയിൽ വാക്കത്തോൺ സമാപിച്ചതിനുശേഷം സെമിനാർ ആരംഭിച്ചു. സെമിനാർ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ആൽഫ കമ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ ആമുഖപ്രഭാഷണം നടത്തി. ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം. നൂർദീൻ ദിനാചരണ സന്ദേശം നൽകി. എസ്.കെ.എം.ജെ. സ്‌കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ, എൻ.എസ്.എസ്. സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർ സിന്ധു, ഡി പോൾ സ്‌കൂൾ അദ്ധ്യാപകൻ സജി തോമസ് എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റയിൽ നടത്തിയ വാക്കത്തോൺ 2024ന് കൽപ്പറ്റ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി. ബിജുരാജ് ഫ്ളാഗ് ഓഫ് ചെയ്യുന്നു