കുറുവാ ദ്വീപ് 15ന് തുറക്കും
കൽപ്പറ്റ: കുറുവാ ദ്വീപിലെ സന്ദർശക നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായതോടെ വനംവകുപ്പ് നിലപാടിൽ അയവ് വരുത്തി. കുറുവയിലേക്ക് പാൽവെളിച്ചത്ത് നിന്നും പാകത്തു നിന്നും 200 വീതം സഞ്ചാരികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. വ്യാഴാഴ്ച ജനകീയ സമിതിയുടെ നേതൃത്വത്തിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. പ്രദേശവാസികൾ താത്ക്കാലിക ജീവനക്കാർ, വിവിധ ടൂറിസം സംരംഭകർ ജനപ്രതിനിധികൾ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് സമരത്തിൽ പങ്കെടുത്തത്. സമരത്തിന് ശേഷം സർവ്വകക്ഷി നേതാക്കൾ ഡി.എഫ്.ഒ അജിത് കെ. രാമനുമായി ചർച്ച നടത്തി. ഈ ചർച്ചയിലാണ് പാൽവെളിച്ചത്തു നിന്നും സന്ദർശകരെ പ്രവേശിപ്പിക്കാം എന്ന് ധാരണയായത്. സഞ്ചാരികളുടെ എണ്ണം കുറച്ച് നിയന്ത്രണവിധേയമായി ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കുറുവാ ദ്വീപിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. നേരത്തെ പാക്കത്തുനിന്നും പാൽവെളിച്ചത്തു നിന്നുമായിരുന്നു കുറുവയിലേക്കുള്ള പ്രവേശനം. എന്നാൽ പാൽ വെളിച്ചത്തു നിന്നുള്ള പ്രവേശനം ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനമാണ് കടുത്ത പ്രതിഷേധത്തിന് കാരണമായത്. ഇതേ തുടർന്ന് സർവ്വകക്ഷി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. എട്ടുമാസത്തിനു ശേഷമാണ് കുറുവാ ദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ താത്ക്കാലിക ജീവനക്കാരൻ പോൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സന്ദർശകരെ പ്രവേശിപ്പിക്കുന്നത് നിർത്തിവെച്ചത്. വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടതോടെ മാസങ്ങളോളം അടഞ്ഞു കിടന്നു. ഒടുവിലാണ് കർശന നിയന്ത്രണങ്ങളോടെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്. ഡി.എഫ് .ഒ ഓഫീസ് മാർച്ച് തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജനകീയ സമിതിയുടെ നേതൃത്വത്തിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ച് തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു