കോഴിക്കോട്:ട്രെയിനിൽ നിന്ന് വീണ് രണ്ടു കാലും നഷ്ടപ്പെട്ട സതിക്ക് വീടായി. ഇനി തുന്നിയെടുക്കണം ജീവിതം. കോഴിക്കോട്ടെ വാസ്തു ശിൽപി കൂട്ടായ്മയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്‌സ് ( ഐ.ഐ.എ)ആണ് വീട് നിർമ്മിച്ചു നൽകിയത്.
മലപ്പുറം ജില്ലയിലെ ചങ്ങരംകുളം ആലംകോട് സ്വദേശിയാണ് പാടത്ത് പേക്കോടത്ത് വീട്ടിൽ സതി. രക്തം കട്ടപിടിക്കുന്ന അസുഖമുള്ള 82 വയസായ അമ്മയും അപസ്മാര രോഗിയായ മകനും വിവാഹിതയായ മകളും അടങ്ങുന്നതാണ് കുടുംബം. ഭർത്താവ് 28 വർഷം മുമ്പ് ഉപേക്ഷിച്ചുപോയി. സതിയുടെകൂലിപ്പണിയും തുണിക്കടയിലെ
മകന്റെ ജോലിയും ആയിരുന്നു വരുമാന മാർഗ്ഗങ്ങൾ. താമസം വാടകവീട്ടിൽ. ജീവിത ദുരിതങ്ങൾക്കിടെ, വാതരോഗത്തിന് കോഴിക്കോട്ട് ഡോക്ടറെ കണ്ട് മടങ്ങുമ്പോഴാണ് ദുരന്തം. ട്രെയിൻ മാറിപ്പോയി. കുറ്റിപ്പുറത്ത് സ്റ്റോപ്പില്ലെന്ന് അറിഞ്ഞപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. ചാടിയിറങ്ങിയ സതി പാളത്തിൽ വീണു. രണ്ടു കാലുകളും ട്രെയിനെടുത്തു. ജീവിതം വീൽചെയറിലായി. 2023 ഓഗസ്റ്റ് 9നായിരുന്നു അപകടം. മാസങ്ങൾ നീണ്ട ചികിത്സ. കോഴിക്കോട്ടെ പെയിൻ ആൻഡ് പാലിയേറ്റീവ് മെഡിസിനിൽ തുടർ ചികിത്സക്കെത്തിയപ്പോഴാണ് ഐ.ഐ.എ ഭാരവാഹികൾ സതിയെ കാണുന്നതും ദുരന്ത കഥ അറിയുന്നതും.
രണ്ട് ബെഡ് റൂം, ഡൈനിംഗ് ഹാൾ, കിച്ചൺ, വർക്ക് ഏരിയ, സിറ്റൗട്ട് എന്നിവയുള്ള വീടാണ് അവർ നിർമ്മിച്ചു നൽകിയത്. ചെലവ് 18ലക്ഷം. വീൽചെയറിന് കയറാൻ റാമ്പും നിർമ്മിച്ചിട്ടുണ്ട്. ഐ.ഐ.എ മലപ്പുറം സെന്ററിന്റെ സഹകരണത്തോടെ കോഴിക്കോട് സെന്ററാണ് വീടു നിർമ്മിച്ചത്.