മേപ്പാടി: ചൂരൽമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് നിരങ്ങി നീങ്ങി. അപകടത്തിൽ കാൽനടയാത്രക്കാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ചൂരൽമല സ്വദേശികളായ സന്ദീപ് (21), ലീല (60), സുജിത്ത് (48), മുബഷിറ (19 ),അനൂപ് ( 22), പ്രവീണ ( 35) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല. സന്ദീപ്, അനൂപ് എന്നിവർ വഴിയാത്രക്കാരാണ്. നീലികാപ്പിനു സമീപം ബസ് നിയന്ത്രണംവിട്ട് റോഡരികിലേക്ക് നിരങ്ങി നീങ്ങുകയായിരുന്നു. കാൽനടയാത്രക്കാരെ ഇടിച്ച ശേഷമാണ് റോഡരികിലേക്ക് നീങ്ങിയത്. ബസ് മറിയാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ബസിന്റെ യന്ത്ര തകരാറാണ് അപകടത്തിന് ഇടയാക്കിയത്. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം.