 
കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി കുടുംബശ്രീ നടപ്പാക്കുന്ന ക്രൈംമാപ്പിംഗ് സർവേ ഈ മാസാവസാനം അവസാനിക്കും. സെപ്റ്റംബർ 17നാണ് സർവേ തുടങ്ങിയത്. ഡിസംബറോടുകൂടി ലഭിച്ച മുഴുവൻ വിവരങ്ങളും പരിശോധിച്ച് കണക്കെടുക്കാനാവും.
അഴിയൂർ, വാണിമേൽ, നരിപ്പറ്റ. നൊച്ചാട്, ചാത്തമംഗലം, തലക്കുളത്തൂർ എന്നീപഞ്ചായത്തുകളിലാണ് സർവേ നടക്കുന്നത്. പ്രശ്നങ്ങൾ കണ്ടെത്തി അതിനെ പ്രതിരോധിക്കാനുള്ള സംവിധാനമൊരുക്കുകയാണ് ക്രൈംമാപ്പിംഗിലൂടെ ചെയ്യുന്നത്. ഓരോ വാർഡിൽ നിന്ന് റിസോഴ്‌സ് പേഴ്സൺമാർ വഴിയാണ് സർവേ. വിവരങ്ങൾ ക്രോഡീകരിച്ച് എന്തൊക്കെയാണ് പ്രശ്നങ്ങൾ, അതിന്റെ രീതി, സ്വഭാവം, എവിടെയാണ് തുടങ്ങിയ കാര്യങ്ങൾക്കനുസരിച്ച് തരംതിരിച്ചാണ് സഹായം ചെയ്യുക. പരാതിപ്പെടാനുള്ള സഹായം, നിയമസഹായക്ലിനിക്, ബോധവത്കരണം, തൊഴിലിടത്തിലാണ് പ്രശ്നമെങ്കിൽ ഇന്റേണൽ കമ്മിറ്റികൾ എന്നിങ്ങനെ പ്രശ്നങ്ങൾക്കനുസരിച്ച് പിന്തുണ നൽകുമെന്ന് അധികൃതർ പറഞ്ഞു.
ഒന്നാം ഘട്ടത്തിൽ മാവൂർ, എടച്ചേരി, പുതുപ്പാടി, ബാലുശേരി, ഒളവണ്ണ, ചോറോട്, മേപ്പയൂർ, ചേമഞ്ചേരി, നന്മണ്ട, ചെറുവ ണ്ണൂർ, കാവിലുംപാറ, തിരുവള്ളൂർ എന്നിവിടങ്ങളിലും. രണ്ടാം ഘട്ടത്തിൽ കൊടുവള്ളി, കാക്കൂർ , കൂരാച്ചുണ്ട്, കക്കോടി, പേരാമ്പ്ര, മരുതോങ്കര എന്നിവിടങ്ങളിലും സർവേ നടന്നിരുന്നു. അംഗങ്ങൾ വാർഡ് തലത്തിൽ നടത്തുന്ന വിവരശേഖരണത്തിലൂടെയാണ് സ്ത്രീകൾക്കും കുട്ടി കൾക്കും നേരെയുള്ള അതിക്രമങ്ങളുടെ തോത് കണ്ടെത്തുക. ഇവയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനം, പൊലീസ്, സാമൂഹിക പിന്തുണ സംവിധാനങ്ങൾ എന്നിവയുമായി ചേർന്ന് പ്രതിരോധ പദ്ധതികളുണ്ടാക്കും. ഏതൊക്കെ മേഖലകളിൽ എത്ര ശതമാനം പേർ, അതിക്രമത്തിനിരയാകുന്നു എന്നാണ് കണ്ടെത്തുക.
സി.ഡി.എസ് തലത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അതിക്രമമാണെന്ന് സ്ത്രീകളിൽ തന്നെ തിരിച്ചറിയാനുള്ള അവബോധം ഉണ്ടാക്കിയെടുക്കലും പദ്ധതിയുടെ ലക്ഷ്യമാണ്. ശാരീരികം, മാനസികം, ലൈംഗികം, വൈകാരികം, വാചികം എന്നീ വിഭാഗങ്ങളിലായാണ് വിവരശേഖരണം.
ധീരം കരാട്ടെ പരിശീലനം ഉടൻ
മാനസികമായും ശാരീരികമായും സ്ത്രീകളെ ശക്തരാക്കുകയെന്ന ലക്ഷ്യത്തോടെ ധീരം കരാട്ടെ പരിശീലനം തുടങ്ങും. 12 പഞ്ചായത്തുകളിലാണ് പരിശീലനം തുടങ്ങുക. ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും കുടുംബശ്രീയിലുള്ളവർക്കുമാണ് ധീരം പരിശീലനം. കരാട്ടെ പരിശീലനം നേടിയ സർട്ടിഫിക്കറ്റുള്ള കുടുംബശ്രീ അംഗങ്ങളാണ് പഠിപ്പിക്കുക. നവംബറിൽ പരിശീലനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
""നടപടിയെടുക്കാവുന്ന കേസുകളൊന്നും ഇതുവരെ വന്നിട്ടില്ല. അത്തരം കേസുകൾ വന്നാൽ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറും. ആവശ്യമായ സഹായം നൽകും.''
നിഷിദ സൈബൂനി,
ജില്ലാ പ്രോഗ്രാം മാനേജർ